Saturday, June 6, 2026

സ്ലോവേനിയയിൽ ആദ്യമായി എംബസി തുറക്കാൻ ഇസ്രായേൽ

യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ചരിത്രത്തിലാദ്യമായി തങ്ങളുടെ എംബസി സ്ഥാപിക്കാൻ ഒരുങ്ങി ഇസ്രായേൽ. സ്ലോവേനിയയിൽ പുതുതായി അധികാരമേറ്റ യാനസ് യാൻഷയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സർക്കാരുമായി സഹകരിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച മുൻ സ്ലോവേനിയൻ സർക്കാരിന്റെ നിലപാടുകളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പുതിയ ഭരണമാറ്റത്തോടെ നയതന്ത്ര ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ. സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയിൽ പുതിയ എംബസി തുറക്കുന്ന കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ആണ് സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചത്.

“ലുബ്ലിയാനയിൽ ഇസ്രായേൽ തങ്ങളുടെ ആദ്യ എംബസി തുറക്കുമെന്ന് അഭിമാനത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു. സ്ലോവേനിയയിൽ പ്രധാനമന്ത്രി യാനസ് യാൻഷ തിരഞ്ഞെടുക്കപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. മുൻ സർക്കാരിന്റെ ശത്രുതാപരമായ നിലപാടുകൾക്ക് ശേഷം, ഒരു യഥാർത്ഥ പങ്കാളിത്തം പുനർനിർമ്മിക്കാനും ദൃഢമാക്കാനുമുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്,” – ഗിദിയോൻ സാർ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News