സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 20 സെന്റീമീറ്ററിൽ കൂടുതൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.
കനത്ത മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് ജില്ലാ കളക്ടർമാർ അവധി നൽകിയിട്ടുള്ളത്.

