Sunday, June 7, 2026

“ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടേതാണ്”; ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ

ലെബനന്റെ മണ്ണിൽ ചോരപ്പുഴ ഒഴുക്കുന്ന ഇറാനും സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്കുമെതിരെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. അമേരിക്കയുമായുള്ള തങ്ങളുടെ നയതന്ത്ര ചർച്ചകളിൽ ലെബനനെ വെറുമൊരു വിലപേശൽ ഉപകരണമായി മാത്രമാണ് ഇറാൻ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച സി. എൻ. എൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രസിഡന്റ് ഔൺ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാനെയും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയും ലക്ഷ്യമിട്ട് കടുത്ത വാക്കുകളിലാണ് അദ്ദേഹം സംസാരിച്ചത്. “നിങ്ങൾ ഞങ്ങളെ സഹായിക്കാൻ ശ്രമിക്കുകയല്ല ചെയ്യുന്നത്. നിങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ലെബനനിലെ ജനങ്ങളാണ് ഇവിടെ വിലകൊടുക്കേണ്ടി വരുന്നത്. ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യമാണ്.” – ജോസഫ് ഔൺ വ്യക്തമാക്കി.

യുദ്ധം കാരണം ലെബനനിലെ സാധാരണ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രസിഡന്റ് പറഞ്ഞു. “രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സാധാരണക്കാരുമായി ഞാൻ സംസാരിച്ചിരുന്നു. എല്ലാവരും ഈ യുദ്ധം കൊണ്ട് മടുത്തിരിക്കുകയാണ്. എല്ലാ അഞ്ചോ പത്തോ വർഷം കൂടുമ്പോൾ തങ്ങളുടെ വീടുകൾ തകരുന്നത് കാണേണ്ടി വരേണ്ടവരല്ല ഇവിടുത്തെ ജനങ്ങൾ,” യുദ്ധം തികച്ചും അനാവശ്യമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ഇവിടുള്ളവർ ലെബനനിലെ ജനങ്ങളാണ്, അല്ലാതെ നയീം ഖാസിമിന്റെ ആളുകളല്ല,” എന്ന് പുതിയ തലവൻ നയീം ഖാസിമിനെ പറ്റിയും ഔൺ പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെയും ഹിസ്ബുള്ളയുടെയും നിലപാടുകൾ ലെബനനെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News