കുറച്ചുകാലത്തെ ശാന്തതയ്ക്ക് ശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം കടുപ്പിച്ചു കൊണ്ട് അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പാക്കിസ്ഥാൻ നടത്തിയ ബോംബാക്രമണത്തിൽ 11 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഗവൺമെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെയാണ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് ആക്രമണ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് പാക് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യകളായ കുന്നാർ, ഘോസ്റ്റ്, പക്തിക എന്നിവിടങ്ങളിലെ സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് പാക്കിസ്ഥാൻ ബോംബുകൾ വർഷിച്ചത്.
ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ പാക്കിസ്ഥാൻ സൈന്യമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, തങ്ങൾ സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നും പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന തീവ്രവാദികളെയാണ് ലക്ഷ്യമിട്ടതെന്നുമാണ് ഇസ്ലാമാബാദിന്റെ സ്ഥിരമായ നിലപാട്.

