Wednesday, June 17, 2026

ലോകം നേരിടുന്നത് വിഭവങ്ങളുടെയല്ല, ‘വിശ്വാസത്തിന്റെ’ കുറവാണ്: ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്നത്തെ ആഗോള സമൂഹം നേരിടുന്നത് വിഭവങ്ങളുടെ കുറവല്ല, മറിച്ച് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിലെ എവിയാനിൽ ആരംഭിച്ച 52-ാമത് ജി7 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇന്ത്യയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ഉന്നയിച്ചത്.

യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി സനാ തകൈച്ചി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ജി7 നേതാക്കൾ. യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ജി7 അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ പ്രമുഖ നേതാക്കളെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യുങ്, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ എന്നിവരാണ് ഈ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News