മരുന്നുകൾക്കും ആശുപത്രികൾക്കും പകരം ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗങ്ങളെ അകറ്റിനിർത്താമെന്ന വലിയൊരു തിരിച്ചറിവാണ് കൊഴുവനാൽ പള്ളിയിൽ നടന്നു വരുന്ന യോഗാ ക്ലാസ്സുകൾ പങ്കുവെക്കുന്നത്. ഈ ചെറിയ കൂട്ടായ്മ ഒരു വലിയ സാമൂഹിക മാറ്റത്തിന്റെ തുടക്കമായി മാറുകയാണ്. തുടര്‍ന്നു വായിക്കുക.
തിരക്കിട്ട ജീവിതചര്യകൾക്കിടയിൽ ശരീരവും മനസ്സ് ഒരേപോലെ തളരുന്ന കാലം. വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും മരുന്നുകൾ തേടി ഓടുന്നവർക്കിടയിൽ, കൊഴുവനാൽ പള്ളിയിലെ യോഗാപരിശീലന കേന്ദ്രം ഒരു വ്യത്യസ്ത മാതൃകയാവുകയാണ്. ഫാ. സൈജു തുരുത്തിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ നടന്നുവരുന്ന യോഗാപരിശീലനം അനേകം പേരുടെ ജീവിതത്തിൽ പുതിയ ഉണർവാണ് പകർന്നിരിക്കുന്നത്.
മരുന്നുകൾക്കപ്പുറം ഒരു ജീവിതശൈലി
കേവലം ശാരീരിക വ്യായാമമല്ല, മറിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനുള്ള ഒരു ഉപാധിയായാണ് ഇവിടെയെത്തുന്നവർ യോഗയെ കാണുന്നത്. വിരമിച്ച എൻജിനീയറിങ് ഡിസൈനർ മുതൽ മുൻ നഴ്സിങ് ഡയറക്ടർ ജനറൽ വരെ നീളുന്ന ഈ കൂട്ടായ്മയിൽ, ഓരോരുത്തർക്കും പറയാനുള്ളത് അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളാണ്.
പ്രൊഫഷണലി ഒരു എൻജിനീയറിങ് ഡിസൈനർ ആയിരുന്ന ആളാണ് രാജു മാത്യു. ഇപ്പോൾ റിട്ടയർമെന്റ് ലൈഫ് നയിക്കുന്നു. 60 വയസുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ യോഗ യോഗ പ്രാക്ടീസ് ചെയ്യുന്നു. പരിശീലനം കൊണ്ട് ശാരീരികമായി വളരെയധികം വ്യത്യാസങ്ങൾ വന്നിട്ടുണ്ട് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മസിലുകള്‍ ബലപ്പെട്ടു, ഉറക്കം ശരിയായി അങ്ങനെ വിവിധ ഗുണങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്
“ശരീരത്തിലെ വേദനകൾക്കും മാനസിക സമ്മർദ്ദത്തിനും യോഗ ഒരു മികച്ച ഔഷധമാണ്,” റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയായ റാണി ജോസ് അറയ്ക്കല്‍ സാക്ഷ്യപ്പെടുത്തുന്നു. നടുവേദനയ്ക്കും സന്ധിവേദനയ്ക്കും ശമനം ലഭിച്ചതിനൊപ്പം, കൃത്യമായ ഡയറ്റ് പ്ലാൻ കൂടി പിന്തുടർന്നത് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ഇവർ പറയുന്നു.
മാറിയത് ആരോഗ്യവും മനോഭാവവും
ഏറെ നേരം നിന്ന് ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന കുടക്കച്ചിറ ഗവണ്മെന്റ് എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ബിന്ദു സെബാസ്റ്റ്യന്‍ യോഗ നൽകിയത് പുതിയൊരു ജീവിതമാണ്. “മുമ്പൊക്കെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ വീട്ടിലെത്തും വരെ കൊണ്ടുനടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ, വലിയ പ്രശ്നങ്ങളെപ്പോലും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ യോഗയിലൂടെ എനിക്ക് കഴിയുന്നുണ്ട്,” ടീച്ചര്‍ പറയുന്നു.
സമാനമായ അനുഭവമാണ് ഈ പരിശീലന കേന്ദ്രത്തിലെത്തിയ മിക്കവർക്കും പറയാനുള്ളത്. ഹോസ്പിറ്റലിൽ പോകേണ്ട സാഹചര്യമേ വന്നിട്ടില്ലെന്ന് ഷൈനി എബ്രഹാം പറയുമ്പോൾ, മാനസികമായ ഉണർവിനൊപ്പം ആരോഗ്യസ്ഥിതിയിലും മാറ്റങ്ങൾ വന്നതായി ഇതില്‍ പങ്കെടുക്കുന്ന എല്ലാവരും ചൂണ്ടിക്കാട്ടുന്നു.
60 വയസ്സു പിന്നിട്ട കർഷകനായ അബ്രഹാം ജി.സി, കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ കീഴിൽ യോഗ പരിശീലിക്കുന്നുണ്ടെന്നും, അതിന്റെ ഫലമായി താൻ പൂർണ്ണ ആരോഗ്യവാനായി തുടരുകയാണെന്നും വ്യക്തമാക്കി. മരുന്നുകളൊന്നും കഴിക്കാതെ തന്നെ അതീവ സന്തോഷത്തോടും ശാന്തതയോടും കൂടെ ജീവിതം ആസ്വദിക്കാൻ യോഗ തന്നെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിട്ടയോടെയുള്ള ജീവിതം
ഇലക്ട്രോണിക് ടെക്നീഷ്യനായ ബോബി തോമസും ഭാര്യയും ഈ യോഗാ ക്ലാസില്‍ പങ്കെടുക്കുന്നവരാണ്. അദ്ദേഹം പറയുന്നു, “നന്നായി പ്രാർഥിക്കാൻ പഠിച്ചു, കുടുംബജീവിതത്തിൽ ഒരു അടക്കും ചിട്ട ഉണ്ടായി.” യോഗാഭ്യസനം ശരിയായ രീതിയിൽ പരിശീലിച്ചാൽ ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യം പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്താൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
“യോഗ ഒരു സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടായത് ഈ ക്ലാസുകള്‍ കൂടാന്‍ തുടങ്ങിയതിനു ശേഷമാണ്. ആരോഗ്യ സംരക്ഷണത്തിന് യോഗ അനിവാര്യമാണ് എന്ന ബോധ്യം എന്നില്‍ ഉറപ്പിക്കാനും ഇവിടുത്തെ പരിശീലനം സഹായിച്ചു. ചിട്ടയായ വ്യായാമം നമ്മളെ കൂടുതല്‍ ആരോഗ്യമുള്ളവരാക്കും എന്നതിനു ഞാന്‍ തന്നെ തെളിവ്.” 67 വയസുള്ള അഭിഭാഷകനായ ജോബി ജോര്‍ജിന്റെ വാക്കുകളാണ് ഇത്.
ചെര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹൈസ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ജാനിസ് ജോസഫ് ടീച്ചര്‍ പറയുന്നത്, യോഗ ചെയ്യുന്നത് വഴി നല്ല ശാരീരിക സൗഖ്യം ലഭിച്ചു എന്നാണ്. കൊഴുവനാൽ പള്ളിയിലെ ഈ ചെറിയ കൂട്ടായ്മ ഒരു വലിയ സാമൂഹിക മാറ്റത്തിന്റെ തുടക്കമായി മാറുകയാണ്.
ആരോഗ്യം, സൗഹൃദം, സമചിത്തത
നഴ്സിംഗ് ഡയറക്ടർ ജനറൽ ആയി വിരമിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയ ഏലിയാമ്മ മാത്യു, കഴിഞ്ഞ ഒന്നര വർഷമായി ഇവിടുത്തെ യോഗ ക്ലാസ്സുകളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞു. യോഗ പരിശീലനത്തിലൂടെ തനിക്ക് ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങൾ അനുഭവിക്കാൻ കഴിഞ്ഞുവെന്നും, ഏറെ നാളായി അലട്ടിയിരുന്ന മുട്ടുവേദനയും തോളുവേദനയും പൂർണ്ണമായും ഭേദമായെന്നും അവർ വ്യക്തമാക്കി. കൂടാതെ, ശരീരത്തിനും മുഖത്തെ തിളക്കത്തിലും പ്രകടമായ മാറ്റങ്ങൾ വന്നതായും, മാനസികമായ ശാന്തത, ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവ്, മികച്ച ഏകാഗ്രത, സുഖകരമായ ഉറക്കം എന്നിവ യോഗയിലൂടെ തനിക്ക് ലഭിച്ച ഗുണങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
ക്ഷീണം, അലസത എന്നിവയിൽ നിന്ന് മോചനം നേടി ഉന്മേഷത്തോടെ ദിവസങ്ങൾ ആരംഭിക്കാൻ കഴിയുന്നുവെന്നതാണ് സിമി എന്ന വീട്ടമ്മയുടെ അനുഭവസാക്ഷ്യം. സഹകരണ ബാങ്കില്‍ സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത ലിസി ടോം തോണക്കര പറയുന്നത് ഈ ഹെല്‍ത്ത് ക്ലബ്ബില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും ആരോഗ്യം മെച്ചപ്പെട്ടു എന്നും ഇതുപോലുള്ള സംരംഭങ്ങള്‍ എല്ലായിടത്തും തുടങ്ങേണ്ടതുമാണെന്നാണ്.
കൊഴുവനാല്‍ ഇടവകയില്‍
ഫാ. ജോര്‍ജ് വെട്ടുകല്ലേലിന്റെ കാലത്താണ് കൊഴുവനാല്‍ ഇടവകയില്‍ ആരോഗ്യസംരക്ഷനര്ത്ഥം ഈ കോഴ്സ് ആരംഭിച്ചത്. തുടര്‍ന്ന് ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ഇടവക വികാരിയായി വന്നപ്പോഴും ഇത് തുടര്‍ന്നു. ജോസച്ചന് ഈ പരിശീലനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത് ഒരു കൂട്ടായ്മയാണ്. 25 – 30 പേരുടെ കൂട്ടായ്മ. വലിയ ഉത്സാഹവും ആവേശവുമാണ് ഇതിനു വരുന്ന എല്ലാവര്ക്കും. ഇതില്‍ പങ്കുചേരുന്ന എല്ലാവര്ക്കും ഇതിന്റെ ഗുണം ലഭിക്കുന്നതായി അവര്‍തന്നെ പറയാറുണ്ട്. ഒരു ക്ലാസിന് സൈജു അച്ചന് വന്നില്ലെങ്കിലും ആളുകള്‍ തന്നെ ക്ലാസുകള്‍ മുന്‍പോട്ടു കൊണ്ടുപോകും. ആരോഗ്യ സംരക്ഷണത്തിനുള്ള പരിശീലനത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ക്രമത്തിനും അച്ചന് പ്രാധാന്യം നല്കുന്നു. ഒരിക്കല്‍ അച്ചന്‍തന്നെ എല്ലാവര്ക്കും രുചികരമായ വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടുവന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു.”
മരുന്നുകൾക്കും ആശുപത്രികൾക്കും പകരം ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗങ്ങളെ അകറ്റിനിർത്താമെന്ന വലിയൊരു തിരിച്ചറിവാണ് ഫാ. സൈജുവിന്റെ നേതൃത്വത്തിൽ കൊഴുവനാൽ പള്ളിയിൽ നടന്നു വരുന്ന യോഗാ ക്ലാസ്സുകൾ പങ്കുവെക്കുന്നത്. കോട്ടയം ജില്ലയിലെ ആനിക്കാട് പ്രവർത്തിക്കുന്ന ‘ആത്മാ റീജൂവനേറ്റിംഗ് സെന്ററി’ന്റെ (Aathma Rejuvenating Centre) ഡയറക്ടറായ ഫാ. സൈജു, കേവലം ശാരീരിക വ്യായാമം എന്നതിലുപരി, മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ഒരു സമഗ്രമായ ആരോഗ്യശൈലിയാണ് ഇവിടെ പകർന്നുനൽകുന്നത്.
കൂടുതല്‍ ആരോഗ്യത്തോടെയും ശാരീരിക ക്ഷമതയോടെയും ജീവിക്കാന്‍ ഇത്തരം പരിശീലനം ആവശ്യമാണെന്നാണ് കൊഴുവനാല്‍ പള്ളിയിലെ ഈ കൂട്ടായ്മയുടെ സാക്ഷ്യം. കേരളത്തിലെ എല്ലാ ഇടങ്ങളിലും ഇതുപോലുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരട്ടെ.
സിദ്ധാര്‍ത്ഥ്

