1939 ജൂൺ 22 നാണ് ഫോർവേർഡ് ബ്ലോക്ക് എന്ന പാർട്ടിയെ സ്വതന്ത്ര രാഷ്ട്രീയപാർട്ടിയായി നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത്. ബോംബെയിൽ വിളിച്ചുചേർത്ത പാർട്ടിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിലായിരുന്നു അത്. ഗാന്ധിജിയുടെ സമരമാർഗങ്ങളോടുള്ള വിയോജിപ്പായിരുന്നു പാർട്ടി രൂപീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കോൺഗ്രസിലെ പദവിയിൽനിന്നു മാറുന്നതിനുമുമ്പ് അതിൽനിന്നു തന്നെയുള്ള പ്രവർത്തകരെ ഒരുമിച്ച് അണിനിരത്തി അദ്ദേഹം രൂപീകരിച്ച ഇടതുപക്ഷമായിരുന്നു ഫോർവേഡ് ബ്ലോക്ക്. പാർട്ടിയുടെ പ്രചരണാർഥം നേതാജി രാജ്യമെമ്പാടും സന്ദർശിച്ചു. പുതിയ ഘടകങ്ങൾ രൂപീകരിച്ചു. സ്വാതന്ത്ര്യസമരത്തിൽ ആയോധന മാർഗങ്ങളുമാകാം എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
1978 ജൂൺ 22 നാണ് പ്ലൂട്ടോയുടെ ഏറ്റവും വലിപ്പം കൂടിയ ചന്ദ്രനായ ഷാരൺ കണ്ടെത്തിയത്. ജെയിംസ് ക്രിസ്റ്റി, റോബർട്ട് ഹാരിംഗടൺ എന്നീ ഗവേഷകരായിരുന്നു കണ്ടെത്തലിനു പിന്നിൽ. പ്ലൂട്ടോ കണ്ടെത്തിയ ലോവൽ ഒബ്സർവേറ്ററിയിൽ നിന്നും കേവലം ആറു മൈൽ മാത്രം അകലെയുള്ള അരിസോണ നേവൽ ഒബ്സർവേറ്ററിയിൽ നിന്നാണ് ഷാരൺ കണ്ടെത്തിയത്. സൂര്യനു ചുറ്റുമുള്ള പ്ലൂട്ടോയുടെ ഭ്രമണപഥം കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ അവിചാരിതമായാണ് ഷാരൺ ഗവേഷകരുടെ കണ്ണിൽപെടുന്നത്. പ്ലൂട്ടോയ്ക്കുചുറ്റും കണ്ടെത്തിയ അഞ്ച് ചന്ദ്രന്മാരിൽ ഏറ്റവും വലിപ്പമേറിയതാണ് ഇത്.
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ കരിയറിലെ സുപ്രസിദ്ധവും കുപ്രസിദ്ധവുമായ രണ്ടു ഗോളുകൾ പിറന്നത് 1986 ജൂൺ 22 നായിരുന്നു. മെക്സിക്കോയിലെ അസ്ടെക് സ്റ്റേഡിയത്തിൽവച്ചു നടന്ന ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കിടയിലായിരുന്നു അത്. ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ദൈവത്തിന്റെ കൈ എന്നപേരിൽ വിഖ്യാതമായ വിവാദ ഗോൾ. പന്ത് തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയിൽ തട്ടി ഗോൾ വീഴുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നുപറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിക്കുകയായിരുന്നു. ആദ്യഗോളിന്റെ നാണക്കേട് മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലുമിനിറ്റുകൾക്കു ശേഷം പിറന്നു. മറഡോണ സ്വന്തം ഹാഫിൽ നിന്ന് ആരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. ഫുട്ബോൾ ആരാധകർക്ക് എത്രകണ്ടാലും മതിവരാത്ത കാഴ്ചയായ ആ ഗോളിന്റെ ഓർമ്മയ്ക്കായി പിറ്റേന്നു തന്നെ അസ്ടെക്ക് സ്റ്റേഡിയത്തിൽ സ്മരണികഫലകം സ്ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.

