ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ വച്ച് ഏറ്റവും പ്രായം കൂടിയ കരജീവി എന്ന റെക്കോർഡിന് ഉടമയായ ‘ജോനാഥൻ’ എന്ന ആമ തന്റെ കീരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുന്നു. ജൂൺ 17-ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സംഘടന ജോനാഥനെ തങ്ങളുടെ വിശിഷ്ട ബഹുമതിയായ ‘ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഐക്കൺ’ ആയി പ്രഖ്യാപിച്ചു. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ വിദൂര ദ്വീപായ സെന്റ് ഹെലീനയിലാണ് (St Helena) ഈ സെയ്ഷെൽസ് ഭീമൻ ആമ നിലവിൽ ജീവിക്കുന്നത്. 194 വയസ്സാണ് ഈ അത്ഭുത ജീവിയുടെ പ്രായം!
ചരിത്രത്തേക്കാൾ പഴക്കമുള്ള ആയുസ്സ്
ഏകദേശം 1832-ൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ജോനാഥന് ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്തേക്കാളും (Victorian Age), ലണ്ടനിലെ ടവർ ബ്രിഡ്ജ്, പാരീസിലെ ഈഫൽ ടവർ എന്നിവയേക്കാളും പഴക്കമുണ്ട്. ഈ ഇനത്തിൽപ്പെട്ട ആമകളുടെ ശരാശരി ആയുസ്സ് 150 വർഷമാണെന്നിരിക്കെയാണ് ജോനാഥൻ 194-ാം വയസ്സിലും ആരോഗ്യത്തോടെ തുടരുന്നത്.
വാർദ്ധക്യം കാരണം ജോനാഥന് ഇപ്പോൾ മണക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, കാഴ്ചശക്തിയും മികച്ച ആരോഗ്യവും നല്ല വിശപ്പും ഇപ്പോഴുമുണ്ടെന്ന് പ്രാദേശിക മൃഗഡോക്ടർമാർ സ്ഥിരീകരിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ജോനാഥൻ തനിക്ക് ലഭിച്ച അവാർഡ് സർട്ടിഫിക്കറ്റിലേക്ക് നോക്കുന്നതും പിന്നീട് കാരറ്റ് കഴിക്കുന്നതും കാണാം.
‘ഓൾഡ് ജോണോ’യുടെ കഥ
പ്രാദേശികവാസികൾ സ്നേഹത്തോടെ ‘ഓൾഡ് ജോണോ’ (ol’ Jono) എന്ന് വിളിക്കുന്ന ജോനാഥനെ 1882-ലാണ് കിഴക്കൻ ആഫ്രിക്കയിലെ സെയ്ഷെൽസിൽ നിന്നും സെന്റ് ഹെലീന ദ്വീപിലേക്ക് കൊണ്ടുവരുന്നത്. അന്നത്തെ ഗവർണർക്കുള്ള സമ്മാനമായി മറ്റ് മൂന്ന് ആമകൾക്കൊപ്പമാണ് അന്ന് 50 വയസ്സുണ്ടായിരുന്ന ജോനാഥൻ ദ്വീപിലെത്തിയത്. “ജോനാഥൻ പ്രായം കൊണ്ട് മാത്രമല്ല, ഈ ദ്വീപിനും ഇവിടുത്തെ ജനങ്ങൾക്കും എത്രമാത്രം സവിശേഷമായ ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഈ ആഗോള അംഗീകാരം” – സെന്റ് ഹെലീന ഗവർണർ നൈജൽ ഫിലിപ്സ് പറഞ്ഞു.
ഈ വർഷം ഏപ്രിൽ ഫൂൾ ദിനത്തിൽ ജോനാഥൻ ചത്തുപോയെന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിക്കുകയും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം പിന്നീട് അധികൃതർ തള്ളിപ്പറഞ്ഞു. ഈ വ്യാജവാർത്തകളൊന്നും ബാധിക്കാതെ ഗവർണറുടെ ഔദ്യോഗിക വസതിയിലെ പുൽത്തകിടിയിൽ മറ്റ് മൂന്ന് ആമകൾക്കൊപ്പം പുല്ലു തിന്നും വെയിൽ കാഞ്ഞും ജോനാഥൻ തന്റെ വിശ്രമജീവിതം ആസ്വദിക്കുകയാണ്.

