സി. രാജഗോപാലാചാരി എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റത് 1948 ജൂൺ 21 മുതലാണ്. 1950 ജനുവരി വരെ അദ്ദേഹം ഗവർണറായി തുടർന്നു. സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറലായി സേവനം ചെയ്ത ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. 1947 ൽ അന്നത്തെ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ അസാന്നിധ്യത്തിലാണ് അദ്ദേഹം ഇടക്കാലത്തേക്ക് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1948 ജൂണിൽ മൗണ്ട് ബാറ്റൺ ബ്രിട്ടണിലേക്കു തിരികെപ്പോയപ്പോൾ രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലാകുകയായിരുന്നു. തമിഴ്നാട്ടുകാരനായ അദ്ദേഹം രണ്ടുതവണ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായിട്ടുണ്ട്.
ബഹിരാകാശ സഞ്ചാരമേഖലയിൽ സ്പേസ്ഷിപ്പ് വൺ എന്ന പേടകം ചരിത്രം സൃഷ്ടിച്ചത് 2004 ജൂൺ 21 നായിരുന്നു. ആദ്യമായി ബഹിരാകാശത്തെത്തുന്ന സ്വകാര്യ സ്പേസ്ക്രാഫ്റ്റായിരുന്നു എസ് എസ് വൺ എന്ന സ്പേസ്ഷിപ്പ് വൺ. സൗത്താഫ്രിക്കയിൽ ജനിച്ച അമേരിക്കൻ ടെസ്റ്റ് പൈലറ്റായ മൈക്ക് മെൽവിൽ ആണ് പേടകം നിയന്ത്രിച്ചത്. എസ് എസ് വണ്ണിന്റെ വിജയം അദ്ദേഹത്തെ ആദ്യ കൊമേർഷ്യൽ അസ്ട്രോണോട് പൈലറ്റാക്കി മാറ്റി. ഭൗമോപരിതലത്തിൽ നിന്ന് നൂറു കിലോമീറ്റർ ഉയരത്തിലാണ് എസ് എസ് വൺ പറന്നത്. ബർട്ട് റുട്ടാനാണ് ഈ പേടകം രൂപകൽപന ചെയ്തത്. മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ സഹസ്ഥാപകനായ പോൾ അലന്റെ സാമ്പത്തിക പിന്തുണയോടെയാണ് അദ്ദേഹം സ്പേസ്ക്രാഫ്റ്റ് വികസിപ്പിച്ചത്.
ഇന്ത്യൻ ബാഡ്മിന്റൺ താരമായ സൈന നെഹ്വാൾ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സൂപ്പർ സീരിസ് കിരീടം സ്വന്തമാക്കിയത് 2009 ജൂൺ 21 നാണ്. ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരം സൈനയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന മത്സരത്തിൽ ചൈനയുടെ മൂന്നാം നമ്പർ താരം ലിൻ വാങിനെ തോൽപിച്ചാണ് സൈന കിരീടം സ്വന്തമാക്കിയത്. അന്ന് 19 കാരിയായിരുന്ന സൈന, റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരിയായിരുന്നു. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം, ലോക ബാഡ്മിന്റൺ റാങ്കിങിൽ രണ്ടാമതെത്തുന്ന ആദ്യ ഇന്ത്യക്കാരി, വേൾഡ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരി തുടങ്ങി നിരവധി നേട്ടങ്ങളുണ്ട് സൈനയുടെ പേരിൽ.

