പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കേർപ്പെടുത്തിയിട്ടും, ഓസ്‌ട്രേലിയയിൽ 80 ശതമാനത്തിലധികം കുട്ടികളും ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പഠനം. നിരോധനം നിലവിൽ വന്ന് മൂന്ന് മാസത്തിന് ശേഷവും കുട്ടികൾ വലിയ തോതിൽ നിയമം മറികടക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്.
കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ 2025 ഡിസംബർ മുതൽ രാജ്യത്ത് 16 വയസ്സിന് താഴെയുള്ളവർക്ക് ടിക്ടോക്, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് ഉണ്ടാക്കുന്നതിന് കർശന വിലക്കുണ്ട്.
എന്നാൽ, ഓസ്‌ട്രേലിയയിലെ ന്യൂകാസിൽ സർവ്വകലാശാല (University of Newcastle) 12-നും 17-നും ഇടയിൽ പ്രായമുള്ള 408 കുട്ടികളിൽ നടത്തിയ പഠനത്തിൽ, ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ‘ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ’ (BMJ) പ്രസിദ്ധീകരിച്ച ഈ പഠനം, ഇത്തരം നിരോധനങ്ങൾ കൊണ്ടുമാത്രം കുട്ടികളെ ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്ന് അടിവരയിടുന്നു.

