റഷ്യയുടെ അധീനതയിലുള്ള സൈബീരിയയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ഒംസ്ക് (Omsk) ഓയിൽ റിഫൈനറിക്കു നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. യുക്രൈൻ അതിർത്തിയിൽ നിന്ന് ഏകദേശം 2,700 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം, യുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദൂരമേറിയ ഡ്രോൺ പ്രഹരങ്ങളിലൊന്നാണ്.
ആക്രമണത്തെത്തുടർന്ന് റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായതായി യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ യുക്രൈൻ സായുധസേനയുടെ ‘വലിയ നേട്ടം’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, ഇനി മുതൽ സൈബീരിയയും തങ്ങളുടെ പ്രഹരപരിധിയിലാണെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, തങ്ങളുടെ നവീകരിച്ച ‘FP-1’ ഡ്രോണുകളാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് യുക്രൈനിലെ പ്രതിരോധ സാങ്കേതിക കമ്പനിയായ ഫയർ പോയിന്റ് അവകാശപ്പെട്ടു.
എന്നാൽ, ഒംസ്ക് മേഖലയിലെ റഷ്യൻ ഗവർണർ വിറ്റാലി ഖോട്സെങ്കോ ആക്രമണം സ്ഥിരീകരിച്ചെങ്കിലും, ഭൂരിഭാഗം ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും ആളപായമില്ലെന്നും അവകാശപ്പെട്ടു. ബാൾട്ടിക് കടലിലെ റഷ്യൻ തുറമുഖങ്ങളായ ഉസ്ത്-ലൂഗ, വൈസോത്സ്ക് എന്നിവയ്ക്കു നേരെയും യുക്രൈൻ ഒരേസമയം ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്.

