Tuesday, July 7, 2026

ടെക്നോളജി തുണച്ചു; രണ്ട് വർഷം മുൻപ് ട്രെയിൻ യാത്രയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ജാർഖണ്ഡിൽ നിന്ന് കണ്ടെടുത്ത് കേരള പൊലീസ്

ട്രെയിൻ യാത്രയ്ക്കിടെ കൈമോശം വന്ന സ്മാർട്ട്‌ഫോൺ രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉടമയ്ക്ക് തിരികെ ലഭിച്ചു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയും നഴ്സിങ് വിദ്യാർഥിനിയുമായ നൗഫിയയ്ക്കാണ് ജാർഖണ്ഡിൽ നിന്ന് കുളത്തൂപ്പുഴ പൊലീസ് കണ്ടെടുത്ത ഫോൺ കൈമാറിയത്.

നാട്ടിൽ അവധിക്കാലം ആഘോഷിച്ച ശേഷം ബെംഗളൂരുവിലെ കോളേജിലേക്ക് തിരികെപ്പോകുന്നതിനിടെയാണ് നൗഫിയയ്ക്ക് ട്രെയിനിൽ വച്ച് ഫോൺ നഷ്ടമാകുന്നത്. ഉടൻ തന്നെ സഹപാഠിയുടെ ഫോണിൽ നിന്ന് പിതാവ് നൗഷാദിനെ വിവരമറിയിക്കുകയും കുടുംബം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസ് അന്വേഷണത്തിൽ നിർണായകമായത് കേന്ദ്രസർക്കാരിന്റെ കൺസ്യൂമർ പോർട്ടലായ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) ആണ്. പരാതി ലഭിച്ചയുടൻ പൊലീസ് ഫോണിന്റെ ഐഎംഇഐ (IMEI) നമ്പർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ട്രാക്കിങ് ആരംഭിച്ചു. രണ്ട് വർഷത്തോളം നീണ്ട സൈബർ നിരീക്ഷണത്തിനൊടുവിൽ ഈ ഫോൺ ജാർഖണ്ഡിൽ ആരോ ഉപയോഗിക്കുന്നതായി സിഗ്നൽ ലഭിച്ചു.

തുടർന്ന് കേരള പൊലീസ് ജാർഖണ്ഡ് പൊലീസിന്റെ സഹായത്തോടെ ഫോൺ വീണ്ടെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് രേഖകൾ പരിശോധിച്ച് ഉടമസ്ഥത ഉറപ്പാക്കിയ ശേഷം കുളത്തൂപ്പുഴ പൊലീസ് ഫോൺ നൗഫിയയ്ക്ക് കൈമാറി. നഷ്ടപ്പെട്ടു എന്ന് കരുതിയ ഫോൺ വർഷങ്ങൾക്കു ശേഷം യാതൊരു കേടുപാടും കൂടാതെ തിരികെ കിട്ടിയ സന്തോഷത്തിലാണ് നൗഫിയയും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News