നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ 52-കാരനായ രോഗി മരിച്ചതായി ബന്ധുക്കളുടെ പരാതി. നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ ഒപി വിഭാഗത്തിൽ ക്യൂവിൽ നിൽക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വേദനയുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ഗൗനിക്കാതെ ക്യൂവിൽ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഏതാണ്ട് അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ അടിയന്തിര ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈ സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിൽ കടുത്ത വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി.
മരണത്തിൽ പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടുമായി പിന്നീട് രംഗത്തെത്തി. സംഭവത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ട് അവർ ശക്തമായ നിലപാടെടുത്തതിനെ തുടർന്ന് പൊലിസും ആശുപത്രി അധികൃതരും ചേർന്ന് ബന്ധുക്കളുമായി ചർച്ചകൾ നടത്തി.

