സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ശക്തമായ മഴയെത്തുടർന്ന് ഗതാഗതക്കുരുക്ക്, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. കൂടാതെ വൈദ്യുത ലൈനുകൾക്കും താൽക്കാലിക കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചേക്കാം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

