ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം വിശുദ്ധ നഗരമായ മഷാദിൽ സംസ്കരിച്ചു. ഇറാന്റെയും അയൽരാജ്യമായ ഇറാഖിലെയും അഞ്ച് നഗരങ്ങളിൽ ആറ് ദിവസമായി നടന്ന പൊതുവിലാപ ചടങ്ങുകൾക്ക് ഒടുവിലാണ്, ഷിയാ മുസ്ലിംകളുടെ ‘ഇമാം റെസ’ പുണ്യഭൂമിയിൽ ഭൗതികശരീരം സംസ്കരിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) സംസ്കാര വാർത്ത പുറത്തുവിട്ടത്.
യു.എസും ഇറാനും തമ്മിൽ ശക്തമായ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഇത് നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
അലി ഖമേനിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമേനിയെ (56) പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വ്യോമാക്രമണത്തിൽ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ടെഹ്റാനിലോ ഖോമിലോ നടന്ന ചടങ്ങുകളിൽ പങ്കെടുക്കാതിരുന്ന മൊജ്താബ മഷാദിൽ നടന്ന സംസ്കാര ചടങ്ങിലും പങ്കെടുത്തതായി സൂചനകളില്ല.

