Saturday, July 11, 2026

വെനസ്വേലയ്ക്ക് കാരുണ്യഹസ്തവുമായി കാരിത്താസ്; 14,700 ടൺ മാനുഷികസഹായം കൈമാറി

ഭൂകമ്പം തകർത്ത വെനസ്വേലയിലേക്ക് ഇതുവരെ 14,700 ടൺ മാനുഷികസഹായം എത്തിയതായി വെളിപ്പെടുത്തി പ്രമുഖ ദുരിതാശ്വാസ സംഘടനയായ കാരിത്താസ് വെനസ്വേല. ദുരന്തബാധിതർക്കായി രാജ്യത്തിനകത്തു നിന്നും അന്താരാഷ്ട്രതലത്തിൽ നിന്നും ഉണ്ടായ വലിയ മുന്നേറ്റത്തിലൂടെ നാൽപതിനായിരത്തോളം ആളുകളിലേക്ക് സഹായമെത്തിക്കാൻ സാധിച്ചതായി സംഘടന തങ്ങളുടെ ആദ്യ ഔദ്യോഗിക ബുളളറ്റിനിൽ വ്യക്തമാക്കുന്നു. ജൂൺ 25 മുതൽ ജൂലൈ ആറ് വരെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കൃത്യമായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

കഴിഞ്ഞ ജൂൺ 24 ന് വെനസ്വേലയുടെ വടക്കൻ മേഖലകളിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്നാണ് രാജ്യത്തേക്ക് സഹായപ്രവാഹം ഉണ്ടായത്. ലഭ്യമായതിൽ 9,000 ടൺ സഹായം ഇതിനകംതന്നെ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിവന്ന 5,700 ടൺ സഹായസാമഗ്രികൾ അടുത്തഘട്ട വിതരണത്തിനായി വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.

‘ഭൂകമ്പത്തിനു ശേഷം സ്നേഹം’ എന്ന പേരിൽ കാരിത്താസ് വെനസ്വേല പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഗ്രേറ്റർ കാരക്കാസിലെയും ലാ ഗ്വൈറയിലെയും 26 കളക്ഷൻ പോയിന്റുകൾ വഴി 73,356 യൂണിറ്റ് മെഡിക്കൽ സാമഗ്രികളും മരുന്നുകളും വിതരണം ചെയ്തു. കൂടാതെ 8,000 സമഗ്ര ദുരിതാശ്വാസ കിറ്റുകൾ, 5,000 ഭക്ഷ്യപാക്കറ്റുകൾ, 3,000 ശുചിത്വകിറ്റുകൾ എന്നിവയും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾക്കായി 1,000 കിറ്റുകളും സംഘടന ലഭ്യമാക്കിയിട്ടുണ്ട്.

റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾക്കു പിന്നാലെ, ജൂൺ 25 മുതൽ ജൂലൈ ആറ് വരെയുള്ള 12 ദിവസങ്ങളിൽ നടത്തിയ വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിശദമായ കണക്കുകൾ ഈ റിപ്പോർട്ടിലുണ്ട്. വിതരണം ചെയ്ത ഓരോ സഹായവും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സംഘടന ഒരുക്കിയിരുന്നു.

എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് സഹായം

ഭൂകമ്പത്തിൽ ഇതുവരെ 3,800 ലധികം മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്തമുണ്ടായ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ ലാ ഗ്വൈറ, കാപിറ്റൽ ഡിസ്ട്രിക്റ്റ് ഓഫ് കാരക്കാസ് തുടങ്ങി മധ്യ-പടിഞ്ഞാറൻ വെനസ്വേലയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ കാരിത്താസ് വെനസ്വേല തങ്ങളുടെ ശൃംഖല സജീവമാക്കിയിരുന്നു.

വിതരണം ചെയ്ത സഹായങ്ങളിൽ ഏറ്റവും കൂടുതൽ കുടിവെള്ളമാണ്; 4,031 ടൺ. തൊട്ടുപിന്നിൽ 3,247 ടൺ ഭക്ഷണവുമുണ്ട്. ഏകദേശം 32,000 മുതൽ 40,000 വരെ ആളുകൾ ഉൾപ്പെടുന്ന എണ്ണായിരത്തിലധികം കുടുംബങ്ങൾക്കാണ് ഇതിലൂടെ നേരിട്ട് സഹായം ലഭിച്ചത്. ആകെ 7,30,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചു.

3,360 സന്നദ്ധപ്രവർത്തകരുടെ സേവനം

രക്ഷാപ്രവർത്തനങ്ങളുടെ ജീവനാഡി തങ്ങളുടെ സന്നദ്ധപ്രവർത്തകരാണെന്ന് കാരിത്താസ് വ്യക്തമാക്കുന്നു. സംഘടനയിൽ രജിസ്റ്റർ ചെയ്ത 3,360 സന്നദ്ധപ്രവർത്തകരിൽ ശരാശരി 280 പേർ ദിവസേന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. ഓരോരുത്തരും പ്രതിദിനം ഏഴര മണിക്കൂറോളം സേവനമനുഷ്ഠിക്കുന്നുണ്ട്.

പ്യൂർട്ടോ റിക്കോ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധസംഘങ്ങളും ഇവർക്കൊപ്പം ചേർന്നതോടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തായി. കൂടാതെ അമേരിക്ക, ലാറ്റിനമേരിക്ക, കരീബിയൻ രാജ്യങ്ങൾ, സ്പെയിൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ കാരിത്താസ് ശൃംഖലകളിൽ നിന്നുള്ള വിദഗ്ധരും വെനസ്വേലയിലെ പ്രാദേശിക ടീമുകൾക്കൊപ്പം ചേർന്ന് കുടിവെള്ളം, ശുചിത്വം, ദുരന്ത നിവാരണം, പോഷകാഹാരം, പാർപ്പിടം എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

ദുരന്തബാധിതരെ സഹായിക്കാനായി കാരിത്താസ് ഇറ്റാലിയാന ഉടനടി ധനസമാഹരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് ആദ്യഘട്ടമായി 5,00,000 യൂറോ (അഞ്ച് ലക്ഷം യൂറോ) അനുവദിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News