അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി കാർഷിക വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ജലസേചനം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താലിബാൻ ഭരണകൂടത്തിലെ കാർഷിക-ജലസേചന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അബ്ദുള്ള ഒമരിയുടെ ആറുദിവസം നീണ്ടുനിന്ന ഇന്ത്യ സന്ദർശനത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നത്.
കാർഷിക ഗവേഷണം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, മെച്ചപ്പെടുത്തിയ വിത്ത് ഉൽപ്പാദനം എന്നിവയിൽ സഹകരിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതും പോഷകസമൃദ്ധവുമായ വിളകളുടെ കൃഷിക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. അബ്ദുള്ള ഒമരി കേന്ദ്ര കാർഷിക-ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ, വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ എന്നിവരുമായാണ് ചർച്ചകൾ നടത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ന്യൂഡൽഹി സന്ദർശിക്കുന്ന നാലാമത്തെ താലിബാൻ മന്ത്രിയാണ് അബ്ദുള്ള ഒമരി.

