Tuesday, July 14, 2026

ലെയോ പാപ്പ വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയിലെ പ്രദർശന പരമ്പര ഉദ്ഘാടനം ചെയ്യും

വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി സന്ദർശിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പ, ‘ദുരന്തവും അദ്ഭുതവും’ (Catastrophe and Wonder) എന്ന പ്രദർശന പരമ്പരയിലെ ആദ്യ അധ്യായമായ ‘അക്വ’ (water) സെപ്റ്റംബർ 14 ന് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 മണിക്ക് മാർപാപ്പ ലൈബ്രറി സന്ദർശിക്കും. സെപ്റ്റംബർ 25 മുതൽ 2027 മേയ് 14 വരെയുള്ള കാലയളവിൽ, ആഴ്ചയിലെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഈ പ്രദർശനം സന്ദർശകർക്കായി തുറന്നുകൊടുക്കും.

ലൈബ്രറി വൈസ് പ്രിഫെക്റ്റ് ഫാദർ ജിയാക്കോമോ കാർഡിനാലി, സിമോണ ഡി ക്രെസെൻസോ, ഫ്രാൻസെസ്ക ജിയാനെറ്റോ, ഡെലിയോ പ്രൊവെർബിയോ എന്നിവർ ചേർന്നാണ് ഈ പ്രദർശനമൊരുക്കിയിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കും. ഫ്രഞ്ച് കലാകാരനായ ജെ.ആർ. (JR), അമേരിക്കൻ ടൈപ്പോഗ്രാഫർ ബിൽ മൊറാൻ, ഇറ്റാലിയൻ ഷെഫ് ഫുൾവിയോ പിയരാഞ്ചെലിനി എന്നീ സമകാലിക പ്രമുഖരുടെ സൃഷ്ടികളെ മാർപാപ്പയുടെ ലൈബ്രറിയിലെ ശേഖരങ്ങളുമായും അന്തരീക്ഷവുമായും കോർത്തിണക്കിക്കൊണ്ടാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ജലം ഒരു ഭീഷണിയായും അതേസമയം ഒരു വിലപ്പെട്ട വിഭവമായും മാറുന്നതിനെക്കുറിച്ചുള്ള പുനർവിചിന്തനമാണ് ഈ പ്രദർശനം മുന്നോട്ടുവയ്ക്കുന്നത്.

ഈ മൂന്ന് കലാകാരന്മാരും തങ്ങളുടെ സവിശേഷമായ കലാരീതികളിലൂടെ ലൈബ്രറിയുടെ ചരിത്രപരമായ ശേഖരങ്ങൾക്ക് പുതിയൊരു വ്യാഖ്യാനം നൽകുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ ലൈബ്രേറിയനും ആർക്കൈവിസ്റ്റുമായ മോൺസിഞ്ഞോർ ജിയോവാനി പഗാസി, പരിശുദ്ധ പിതാവിനെ സ്വീകരിക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ചരിത്രരേഖകളുടെ സംരക്ഷണത്തിനും ഗവേഷണങ്ങൾക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി, മാർപാപ്പയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതാണ്.

കൈയെഴുത്തുപ്രതികൾ, ആർക്കൈവ് രേഖകൾ, പുരാതനവും ആധുനികവുമായ അച്ചടിച്ച പുസ്തകങ്ങൾ, നാണയങ്ങൾ, മെഡലുകൾ, ചിത്രങ്ങൾ, മാപ്പുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയടങ്ങുന്ന ഇതിന്റെ വലിയ ശേഖരം ലോകമെമ്പാടുമുള്ള യോഗ്യരായ ഗവേഷകർക്കായി തുറന്നുനൽകിയിട്ടുണ്ട്. ജാതി-മത-രാജ്യ-സംസ്കാര ഭേദമന്യേ ആർക്കും ഇവിടെ പ്രവേശനമുണ്ട്. ഭാഷാശാസ്ത്രം, ചരിത്രം എന്നിവയിലാണ് ലൈബ്രറി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടൊപ്പം ദൈവശാസ്ത്രം, നിയമം, ശാസ്ത്രം എന്നിവയുടെ പഴയകാല രേഖകളും ഇവിടെയുണ്ട്.

നാലാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന മാർപാപ്പമാരുടെ ഔദ്യോഗിക രേഖാശേഖരവുമായി ഈ ലൈബ്രറിക്ക് ചരിത്രപരമായ ബന്ധമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിക്കോളാസ് അഞ്ചാമൻ മാർപാപ്പയാണ് ഈ പുസ്തകശേഖരം ഗവേഷകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. തുടർന്ന് 1475 ജൂൺ 15 ന് സിക്സ്റ്റസ് നാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെയാണ് ലൈബ്രറിക്ക് കൂടുതൽ വ്യവസ്ഥാപിതമായ ഇന്നത്തെ ഘടന കൈവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News