ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) മാരകമായ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അവിടെനിന്നുള്ള യാത്രക്കാർക്ക് കർശന യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. കോംഗോ സന്ദർശിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്വന്തം പൗരന്മാർക്ക് നേരെയാണ് യു.എസ് ‘ഡൂ നോട്ട് ബോർഡ്’ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുൻപ് ഈ യാത്രക്കാർ കോംഗോയ്ക്ക് പുറത്ത് ഏതെങ്കിലും രാജ്യത്ത് 21 ദിവസം കഴിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ഇവരെ യുഎസിലേക്കുള്ള വാണിജ്യ വിമാനങ്ങളിൽ കയറാൻ അനുവദിക്കൂ. എബോള വൈറസ് രാജ്യത്തേക്ക് എത്തുന്നത് തടയാൻ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC), ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കക്കാരല്ലാത്ത വിദേശികൾക്ക് കോംഗോയിൽ നിന്നുള്ള യാത്രാവിലക്ക് നേരത്തെ തന്നെ നിലവിലുണ്ട്.

