അമേരിക്കയിലെ തെക്കൻ, മധ്യ സംസ്ഥാനങ്ങളിൽ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും കാരണം ജനജീവിതം ദുസ്സഹമായി തുടരുകയാണ്. 40 മില്യൺ ആളുകൾക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും പലയിടങ്ങളിലും ചൂട് കടുക്കുമെന്നും ചില പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അന്തരീക്ഷത്തിൽ ചൂട് തങ്ങിനിൽക്കുന്ന പ്രതിഭാസമാണ് ഈ കാലാവസ്ഥയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചൂട് ശക്തമായതോടെ ജനങ്ങൾ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും നേരിടുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലയിടങ്ങളിലും കായിക മത്സരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചിട്ടുണ്ട്.
കുട്ടികളും മുതിർന്നവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ധാരാളം വെള്ളം കുടിക്കാനും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

