Tuesday, July 28, 2026

“ശമ്പളമില്ല, ജീവനിൽ പേടിയുണ്ട്; എങ്കിലും ഞങ്ങൾ പിന്മാറില്ല”: കോംഗോയിൽ എബോളയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർ

“ജനക്കൂട്ടം കല്ലെറിയും, എങ്കിലും എനിക്ക് ബോധവൽക്കരണം നടത്തിയേ തീരൂ”; പാലുകു ഓഡ്രി എന്ന 29കാരനായ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഓഫീസർ ഇത് പറയുമ്പോൾ വലിയൊരു വിപത്തിൽ നിന്നും ഒരു രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും രക്ഷിച്ചേ തീരൂ എന്ന ദൃഢനിശ്ചയം മുഖത്തുണ്ടായിരുന്നു. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (DRC) ഭീതിയിലാഴ്ത്തി എബോള വൈറസിന്റെ പുതിയ തരംഗം ആളിക്കത്തിക്കൊണ്ടിരിക്കവേ അതിനെതിരെ പോരാടുന്ന ആരോ​ഗ്യപ്രവർത്തകരിൽ ഒരാളാണ് പാലുകു ഓഡ്രി. ചരിത്രത്തിലെ ഏറ്റവും ഭീകരമായ എബോള വ്യാപനങ്ങളിലൊന്നിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ലോക ആരോഗ്യ സംഘടന ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടും പക്ഷെ ജനങ്ങൾ ഇപ്പോഴും ആരോ​ഗ്യപ്രവർത്തകരുമായി സഹകരിക്കാൻ തയ്യാറാകാത്തത് അദ്ദേഹത്തെ പോലുള്ള ആരോ​ഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. ‌‌‌‌സ്വന്തം ജീവൻ പണയം വെച്ചും, മാസങ്ങളായി ശമ്പളം പോലും ലഭിക്കാതെയും പ്രതിരോധ നിരയിൽ പൊരുതുന്ന രണ്ട് ചെറുപ്പക്കാരായ ആരോഗ്യപ്രവർത്തകർ തങ്ങളുടെ കഠിനാനുഭവങ്ങൾ പങ്കുവെക്കുന്നു:

പ്രതിരോധ പ്രവർത്തനങ്ങളിലെ വെല്ലുവിളികൾ

വളരെ അപൂർവ്വവും, ഇതുവരെ വാക്സിനോ കൃത്യമായ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതുമായ ‘ബുണ്ടിബുഗ്യോ’ (Bundibugyo) എന്ന ഇബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നത്. തടവുകളില്ലാതെ വ്യാപിക്കുന്ന ഈ മഹാമാരിയിൽ ഇതിനകം 2500ലധികം പേർക്ക് രോഗം ബാധിക്കുകയും 1000ലധികം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതിൽ 35-ഓളം പേർ മരണത്തിന് കീഴടങ്ങി. “ഞാൻ ഇറ്റൂരിയിലെ റവാമ്പറ (Rwampara) പ്രാദേശിക ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമങ്ങൾ തോറും കയറിയിറങ്ങി ജനങ്ങൾക്ക് ഇബോളയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് എന്റെ ജോലി. ദിവസവും രാവിലെ പത്ത് കിലോമീറ്ററിലധികം നടന്നാണ് ഞാൻ ജോലിസ്ഥലത്തെത്തുന്നത്. മെയ് മാസം മുതൽ ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാണെങ്കിലും ഇതുവരെ എനിക്ക് ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല” എന്ന് പാലുകു ഓഡ്രി പറയുന്നു.

“ഞങ്ങൾക്ക് നേരിടേണ്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവിശ്വാസമാണ്. എബോള എന്നൊരു രോഗമില്ലെന്നും, ഇത് ജനസംഖ്യ കുറയ്ക്കാൻ വിദേശികൾ ഉണ്ടാക്കിയതാണെന്നും, അല്ലെങ്കിൽ മുത്തശ്ശിമാരുടെ ശാപമാണെന്നുമൊക്കെയാണ് ആളുകൾ വിശ്വസിക്കുന്നത്. പലപ്പോഴും ബോധവൽക്കരണത്തിന് ചെല്ലുന്ന ഞങ്ങൾക്ക് നേരെ ആളുകൾ കല്ലെറിയാറുണ്ട്. ഒരിക്കൽ ഒരു കൂട്ടം യുവാക്കൾ എന്നെ തടഞ്ഞുവെച്ച് തല്ലാൻ ആഞ്ഞു, പ്രഭാഷണങ്ങൾ നടത്തി പണമുണ്ടാക്കാൻ നടക്കുകയാണെന്നാണ് അവർ എന്നെ കുറ്റപ്പെടുത്തിയത്. ഭാഗ്യത്തിന് പരിചയക്കാർ ആരൊക്കെയോ വന്നാണ് എന്നെ രക്ഷിച്ചത്.

ഭീതിയുടെ നഴലിൽ ഒരു ജീവിതം

പ്രവർത്തനങ്ങളിൽ പങ്കാളികുമ്പോഴും രോ​ഗബാധയുണ്ടാകുമോ എന്ന ഭീതിയോടെയാണ് ഇവർ എപ്പോഴും മുന്നോട്ട് പോകുന്നത്. “എനിക്ക് പേടിയുണ്ട്. എപ്പോൾ വേണമെങ്കിലും എനിക്ക് എബോള ബാധിക്കാം, അല്ലെങ്കിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടാം. എങ്കിലും എന്റെ കുടുംബവും രാജ്യവും എന്നെ പ്രതീക്ഷയോടെ കാണുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ ഞങ്ങൾക്ക് ശമ്പളമായി നൽകാൻ അധികൃതർ തയ്യാറാകണം. എങ്കിലും, ഞാൻ നൽകിയ മുന്നറിയിപ്പുകൾ കേട്ട് ആശുപത്രിയിലെത്തി ജീവൻ രക്ഷപ്പെട്ട മനുഷ്യരെ കാണുമ്പോൾ ഞാൻ അഭിമാനം കൊള്ളുന്നു” പാലുകു ഓഡ്രി പറയുന്നു.

“സഹപ്രവർത്തകന്റെ മരണം നെഞ്ച് തകർത്തു, എങ്കിലും പിന്മാറില്ല”: ഗിസ്ലെയ്ൻ മനേബ

ഗിസ്ലെയ്ൻ മനേബ എന്ന 35 കാരനായ എപ്പിഡെമിയോളജിസ്റ്റിന്റെ അനുഭവവും വ്യത്യസ്തമല്ല. “റവാമ്പറ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഞാൻ പ്രവർത്തിക്കുന്നത്. സംശയമുള്ള രോഗികളെ കണ്ടെത്തി കേന്ദ്രത്തിലെത്തിക്കുക, അവർക്ക് വേണ്ട ചികിത്സ ഉറപ്പാക്കുക എന്നിവയാണ് എന്റെ ചുമതല. മലേറിയയോ ടൈഫോയ്ഡോ പോലെ എളുപ്പമുള്ള ഒന്നല്ല ഇബോള. ഇത് രോഗിയുടെ ജീവനെടുക്കാൻ വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. എനിക്ക് നൽകിയിട്ടുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE kIT) വളരെ അപൂർണ്ണമാണ്. എങ്കിലും രോഗികളെ ചികിത്സിക്കുമ്പോൾ ഡോക്ടർമാർക്ക് നൽകിയ സത്യപ്രതിജ്ഞ മാത്രമാണ് എന്റെ മനസ്സിൽ. മാസങ്ങളായി ശമ്പളമില്ലാത്തതിനാൽ യാത്രക്കൂലി കണ്ടെത്താൻ പോലും ഞാൻ പ്രയാസപ്പെടുന്നു.

ഈ മഹാമാരിയിൽ എനിക്കുണ്ടായ ഏറ്റവും സങ്കടകരമായ അനുഭവം, എന്റെ സഹപ്രവർത്തകനായ ഡോക്ടറുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതാണ്. എബോള ബാധിച്ചാണ് അദ്ദേഹം മരിച്ചത്. ധീരനായ ആ സുഹൃത്തിന്റെ വേർപാട് എന്റെ നെഞ്ച് തകർത്തു. പക്ഷേ, അവന്റെ ഓർമ്മയ്ക്ക് മുന്നിൽ എനിക്ക് തോറ്റുകൊടുക്കാൻ കഴിയില്ല. പ്രതിസന്ധികൾക്കിടയിലും ഞങ്ങൾ തോൽക്കാതെ പോരാടും. ലോകം ഈ അവസ്ഥ കാണണമെന്നും ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.”

വടക്കൻ മേഖലയിലെ സായുധ സംഘർഷങ്ങളും പ്രാദേശിക ഭരണകൂടത്തോടുള്ള വിശ്വാസക്കുറവും പ്രതിരോധ പ്രവർത്തനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. റവാമ്പറ ആശുപത്രിയിലെ എബോള ചികിത്സാ കേന്ദ്രം കോപാകുലരായ നാട്ടുകാർ മുൻപ് തീയിട്ടിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യത്തിന് പി.പി.ഇ കിറ്റുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.

ജീവൻ കയ്യിൽ പിടിച്ച്, യാതൊരു ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ മനുഷ്യത്വം മാത്രം മുൻനിർത്തി പോരാടുന്ന ഈ ആരോഗ്യപ്രവർത്തകർ, പ്രതിസന്ധികളിൽ വീണുപോകാതെ ലോകത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News