Wednesday, July 29, 2026

‘നിങ്ങൾ ഈ സമൂഹത്തെ മലിനമാക്കി’; അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട സ്ത്രീകൾക്ക് നേരെ താലിബാന്റെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ

അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളിലൊന്നായ മസാറെ ഷെരീഫിൽ ജോലിക്ക് പോകുന്നതിനിടെയാണ് സുലൈഖ എന്ന സ്ത്രീയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. നാല് ദിവസത്തോളമാണ് തടവറയിൽ അവൾ ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായി. “നിങ്ങളെപ്പോലുള്ള വേശ്യകളാണ് രാജ്യത്തെ നശിപ്പിച്ചത്” എന്ന് അധിക്ഷേപിച്ചായിരുന്നു പീഡനം. വസ്ത്രങ്ങൾ കീറിയെറിയുകയും, മുടി കത്തികൊണ്ട് മുറിച്ചുമാറ്റുകയും ചെയ്ത താലിബാൻ അക്രമികൾ, പീഡനരംഗങ്ങൾ വീഡിയോയിൽ പകർത്തി സമൂഹത്തിൽ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ, തടവിലാക്കപ്പെടുന്ന സ്ത്രീകൾക്കെതിരെ താലിബാൻ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും മാനഭംഗവും ഒരു ‘ശിക്ഷാ ആയുധമായി’ ഉപയോഗിക്കുന്നത്തിന്റെ നേർചിത്രമാണ് സുലൈഖയുടെ ഈ ദാരുണമായ അനുഭവം. താലിബാന്റെ തടവറയിൽ നിന്ന് രക്ഷപ്പെട്ട നിരവധി ഇരകൾ ‘അഫ്ഗാനിസ്ഥാൻ ഇന്റർനാഷണലോട്’ പങ്കുവെച്ച ഭയാനകമായ അനുഭവങ്ങളിലൂടെ..

പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത് പൊതുരംഗത്ത് സജീവമായിരുന്നവർക്ക്

ഡോക്ടർമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, വിദ്യാർത്ഥികൾ, മനുഷ്യാവകാശ പ്രവർത്തകർ, മോഡലുകൾ തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന സ്ത്രീകളാണ് താലിബാന്റെ പ്രധാന ഇരകൾ. എട്ടുപേർ തടവറയിൽ വെച്ച് ക്രൂരമായി കൂട്ടമാനഭംഗത്തിനിരയായി. രണ്ടുപേർ ചോദ്യം ചെയ്യലിനിടെ നഗ്നരാക്കപ്പെടുകയും, ഇതാധാരമാക്കി താലിബാൻ ചിത്രങ്ങളും വീഡിയോകളും പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. തടവറയിൽ വെച്ച് ലഹരിമരുന്നുകളോ മയക്കുമരുന്നുകളോ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പലരെയും പീഡനത്തിന് ഇരയാക്കിയത്. അഫ്ഗാനിസ്ഥാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ മുൻ മേധാവി അഹമ്മദ് സിയാ സറാജ് വ്യക്തമാക്കുന്നത്, മുൻ സർക്കാരിന്റെ കാലത്ത് തടവുകാരെ പീഡിപ്പിക്കുന്നത് തടയാൻ സ്ഥാപിച്ച ക്യാമറകൾ ഇപ്പോൾ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാനും അവരുടെ നഗ്നചിത്രങ്ങൾ ചിത്രീകരിക്കാനുമാണ് താലിബാൻ ഉപയോഗിക്കുന്നത് എന്നാണ്. സ്ത്രീകളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും അവരുടെ അന്തസ്സ് തകർത്തുകൊണ്ട് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരത്തിലുള്ള പീഡനങ്ങൾ.

പിച്ചി ചീന്തപ്പെട്ട ചില ജീവിതങ്ങൾ

സുലൈഖയുടെ അനുഭവം പോലെ തന്നെ ഞെട്ടിക്കുന്നതാണ് മിഡ്‌വൈഫ് ആയ സാർമിന പര്യാനിയുടെ അനുഭവം. താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനാണ് സാർമിനയെയും സഹോദരിമാരെയും താലിബാൻ അറസ്റ്റ് ചെയ്തത്. തടവറയിൽ വെച്ച് സഹോദരിമാരെ ഉപദ്രവിക്കാതിരിക്കാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ സാർമിന നിർബന്ധിതയായി. തടവറയിലെ ക്യാമറകൾ ഉപയോഗിച്ച് താലിബാൻ ഇവരുടെ നഗ്നചിത്രങ്ങൾ പകർത്തി.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മോഡലായ തഹ്മിനയുടെ (യാഥാർത്ഥ പേരല്ല) അനുഭവം ഇത്തരത്തിൽ തന്നെ ക്രൂരമായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയാണ് താലിബാൻ അവരെ പീഡിപ്പിച്ചത്. “സമൂഹത്തെ മലിനമാക്കുന്നവൾ” എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി. പിന്നീട് ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക്, ഭയം കാരണം പാക്കിസ്ഥാനിലേക്ക് നാടുവിടേണ്ടി വന്നു.

പരി (യാഥാർത്ഥ പേരല്ല) എന്ന ജേണലിസം വിദ്യാർത്ഥിനിയെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും വേദനസംഹാരി എന്ന വ്യാജേന മയക്കുമരുന്ന് ഗുളികകൾ നൽകിയ ശേഷം താലിബാൻ ഉദ്യോഗസ്ഥൻ മാനഭംഗപ്പെടുത്തുകയുമായിരുന്നു. നിലവിൽ ജർമ്മനിയിൽ അഭയം പ്രാപിച്ച ഇവർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ICC) പരാതി നൽകിയിട്ടുണ്ട്.

‘കുടുംബ മഹിമ’യും സാമൂഹിക ഒറ്റപ്പെടലും

പരമ്പരാഗത അഫ്ഗാൻ സമൂഹത്തിൽ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലും നിഷിദ്ധമാണ്. ഇത് ഇരകളുടെ മാനസിക ആഘാതം വർദ്ധിപ്പിക്കുന്നു. പീഡനത്തിനിരയായ പല സ്ത്രീകളെയും ഭർത്താക്കന്മാർ വിവാഹമോചനം ചെയ്യുകയോ കുടുംബങ്ങൾ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ യുവതികൾ ഭൗതിക വേദനയേക്കാൾ ഭയപ്പെടുന്നത് താലിബാൻ ഭീകരരുടെ കുട്ടികളെ പ്രസവിക്കേണ്ടി വരുമോ എന്നതിനെക്കുറിച്ചാണെന്ന് കാബൂളിലെ ഗൈനക്കോളജിസ്റ്റ് വെളിപ്പെടുത്തുന്നു. ഭൂരിഭാഗം ഇരകളും കടുത്ത വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും ഇരയാകുന്നു.

സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയോ നിയമവാഴ്ചയോ ഇല്ലാത്ത അഫ്ഗാനിസ്ഥാനിൽ, ഇത്തരം ക്രൂരതകൾ ചെയ്യുന്ന താലിബാൻ ഉദ്യോഗസ്ഥർക്ക് യാതൊരുവിധ നിയമനടപടികളും നേരിടേണ്ടി വരുന്നില്ല. ആയിരക്കണക്കിന് സ്ത്രീകളുടെ സമാനമായ അനുഭവങ്ങൾ പുറത്തുപറയാൻ പോലും ഭയന്ന് ഇപ്പോഴും ഇരുട്ടിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News