ഇറാന്റെ ഔദ്യോഗിക ഭാഷയായ പേർഷ്യൻ ഭാഷയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സാറ്റലൈറ്റ് ടിവി ചാനലുകളുടെ സംപ്രേക്ഷണം ഇറാൻ ഭരണകൂടം വ്യാപകമായി തടസ്സപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തിനുള്ളിൽ ക്രൈസ്തവ സന്ദേശങ്ങളും സുവിശേഷവും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനാഷണൽ സാറ്റലൈറ്റ് തരംഗങ്ങളെ തടസ്സപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ ഇറാൻ ഉപയോഗിക്കുന്നത്.
‘സാറ്റ്-7 പാർസ്’ (SAT-7 PARS) ഉൾപ്പെടെയുള്ള മുൻനിര ക്രൈസ്തവ പേർഷ്യൻ ചാനലുകളാണ് ഈ നീക്കത്തിന് പ്രധാനമായും ഇരയായത്. സാറ്റലൈറ്റ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകളെ കൃത്രിമതരംഗങ്ങൾ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്ന ‘ജാം’ സാങ്കേതിക വിദ്യയാണ് ഇറാനിയൻ അധികാരികൾ ഉപയോഗിക്കുന്നത്. മധ്യപൂർവേഷ്യയെ മുഴുവൻ ബാധിക്കുന്ന രീതിയിൽ ഉപഗ്രഹങ്ങളെ നേരിട്ട് തടസ്സപ്പെടുത്താതെ, ഇറാനിലേക്ക് മാത്രം പോകുന്ന ചാനലുകളെ ലക്ഷ്യമിട്ട് ബ്ലോക്ക് ചെയ്യാനുള്ള ഒരു പുതിയ സാങ്കേതികവിദ്യ ഭരണകൂടം കണ്ടെത്തിയിരിക്കുന്നു എന്നത് തികച്ചും “വിചിത്രമായ കാര്യമാണ്” എന്ന് സാറ്റ്-7 ഇന്റർനാഷണൽ’ സി.ഇ.ഒ ടെറി അസ്കോട്ട് വെളിപ്പെടുത്തി.
സാറ്റലൈറ്റ് ടിവി പ്രക്ഷേപണം 24 മണിക്കൂറും പൂർണ്ണമായി തടസ്സപ്പെടുത്താൻ ഭരണകൂടത്തിന് സാധിക്കുന്നില്ലെന്നും, ചില സമയങ്ങളിൽ ജനങ്ങൾക്ക് പ്രോഗ്രാമുകൾ കാണാൻ സാധിക്കുന്നുണ്ടെന്നും സാറ്റ്-7 സ്ഥാപകൻ കൂടിയായ അസ്കോട്ട് നിരീക്ഷിച്ചു. “ഇത്തരം വലിയ മാറ്റങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ജനങ്ങൾ, മുൻപെന്നത്തേക്കാളും ക്രിസ്തുവിന്റെ സുവിശേഷത്തെ സ്വീകരിക്കാൻ തയ്യാറുള്ളവരായി മാറിയേക്കാം” – അദ്ദേഹം മിഷൻ നെറ്റ്‌വർക്ക് ന്യൂസിനോട് പങ്കുവെച്ചു.
ഇറാനിൽ ഔദ്യോഗികമായി പേർഷ്യൻ ഭാഷയിൽ ആരാധന നടത്താൻ പള്ളികൾക്ക് അനുമതിയില്ല. അതിനാൽ ആളുകൾ വീടുകളിൽ രഹസ്യമായി ഒത്തുചേരുന്ന ‘ഹൗസ് ചർച്ചുകളിലാണ്’ പങ്കാളികളാകുന്നത്. ഇത്തരം സാഹചര്യത്തിൽ സാറ്റലൈറ്റ് ചാനലുകളാണ് ആളുകൾക്ക് പ്രധാന ആത്മീയ സ്രോതസ്സായിരുന്നത്. ഇത് മനസിലാക്കിയതിനെ തുടർന്നാവാം ഇറാനിയൻ ഭരണകൂടം ചാനലുകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചത് എന്നാണ് അനുമാനം. സാറ്റലൈറ്റ് ടിവികൾ തടസ്സപ്പെടുത്തുന്നതിന് പുറമേ, രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ എസ്.എം.എസ് സംവിധാനങ്ങളും ഭരണകൂടം വിച്ഛേദിച്ചിട്ടുണ്ടെന്ന് അസ്കോട്ട് പറഞ്ഞു.

