ഉഗാണ്ടയിലെ കരമോജ മേഖലയിൽ കടുത്ത വരൾച്ചയെ തുടർന്ന് പട്ടിണിമൂലം 19 പേർ മരണപ്പെടുകയും 1.5 മില്യൺ വരുന്ന ആളുകൾ ഭക്ഷണക്ഷാമം നേരിടുകയും ചെയ്യുന്നു. കൃഷി പൂർണ്ണമായും നശിച്ചതോടെ പ്രദേശം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലായതിനെ തുടർന്ന് സർക്കാർ അടിയന്തര ഭക്ഷണ വിതരണം ആരംഭിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ 9,400 ടൺ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഏപ്രിൽ മാസത്തിന് ശേഷം മഴ പെയ്യാത്തതാണ് പ്രദേശത്ത് വിളകൾ നശിക്കാനും കൃഷി പൂർണ്ണമായും തകരാനും കാരണമായത്. മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണി മാറ്റാൻ വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കുന്നത്. പ്രദേശത്തെ കുട്ടികളിൽ വലിയൊരു പങ്കും പോഷകാഹാരക്കുറവ് മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സഹായങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ സ്വന്തം നിലയ്ക്കാണ് ഉഗാണ്ടൻ സർക്കാർ ഇത്തവണ ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്. അടിയന്തരമായി ഭക്ഷണം എത്തിക്കുന്നതിനൊപ്പം ഭാവിയിൽ കർഷകർക്ക് വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന വിത്തുകൾ നൽകാനും പദ്ധതിയുണ്ട്. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളവും കൃഷിക്കുള്ള സൗകര്യങ്ങളും ഒരുക്കി പട്ടിണി പൂർണ്ണമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

