ജനപ്രിയ മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സഹസ്ഥാപകൻ പാവെൽ ദുറോവിനെതിരെ ‘തീവ്രവാദത്തിന് കൂട്ടുനിന്നു’ എന്നാരോപിച്ച് റഷ്യ ഔദ്യോഗികമായി കുറ്റം ചുമത്തി. യുക്രൈൻ സുരക്ഷാ സേവനങ്ങൾക്കും തീവ്രവാദ സംഘടനകൾക്കും ടെലഗ്രാം ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകി എന്നാരോപിച്ചാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) നടപടി സ്വീകരിച്ചിരിക്കുന്നത്.
41കാരനായ ദുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും എഫ്.എസ്.ബി അറിയിച്ചു. അട്ടിമറികൾ, ഭീകരാക്രമണങ്ങൾ, കൂട്ടക്കൊലകൾ, സൈബർ തട്ടിപ്പുകൾ എന്നിവ ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ സംഘടനകളും ടെലഗ്രാമിലെ വിവിധ ചാനലുകളും ചാറ്റുകളും ബോട്ടുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് തടയാൻ ദുറോവ് തയ്യാറായില്ലെന്ന് റഷ്യ കുറ്റപ്പെടുത്തുന്നു.
2024-ൽ ഫ്രാൻസിലും ദുറോവിനെതിരെ നിയമനടപടികൾ ഉണ്ടായിരുന്നു. പ്ലാറ്റ്ഫോമിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് യാത്രാ വിലക്കിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. സ്വകാര്യതയും ആവിഷ്കാര സ്വാതന്ത്ര്യവും ഹനിക്കുന്നതിനാണ് റഷ്യൻ അധികാരികൾ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ദുറോവ് ഇതിനുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ പുതിയ നീതിയോടും ആരോപണങ്ങളോടും ദുറോവോ ടെലഗ്രാം അധികൃതരോ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.

