ആഫ്രിക്കയിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഹെപ്പറ്റൈറ്റിസ് പ്രതിരോധ പോരാട്ടം നവജാത ശിശുക്കളുടെ ജനനത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ തന്നെ ആരംഭിക്കുന്നു. ജനിച്ചയുടൻ ജീവൻരക്ഷാ വാക്സിൻ നൽകിക്കൊണ്ട് രോഗബാധ തടയാനുള്ള നിർണായക ചുവടുവെപ്പിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ.
നവജാത ശിശുക്കൾക്ക് ജനനത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ലഭ്യമാക്കുന്നതിനായി എത്യോപ്യ രാജ്യവ്യാപകമായി പദ്ധതി ആരംഭിച്ചു. ലോകാരോഗ്യ സംഘടന, ഗാവി (Gavi), യൂണിസെഫ് (UNICEF) എന്നിവയുടെ പിന്തുണയോടെയാണ് ഈ സുപ്രധാന മുന്നേറ്റം. ജനനസമയത്ത് ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്ന കുട്ടികളിൽ 90 ശതമാനത്തോളം പേർക്കും പിന്നീട് ഗുരുതരമായ കരൾ രോഗങ്ങളോ കാൻസറോ വരാൻ സാധ്യതയുണ്ടെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. വർഷം തോറും ഏകദേശം 3.8 ദശലക്ഷം നവജാത ശിശുക്കളെയാണ് എത്യോപ്യയിലെ ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പുതിയ ഹെപ്പറ്റൈറ്റിസ് ബി അണുബാധകളിൽ 63 ശതമാനവും ആഫ്രിക്കൻ മേഖലയിലാണ്. ഏഴ് കോടിയിലധികം ആളുകളാണ് ഇവിടെ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിച്ച് ജീവിക്കുന്നത്. ഉയർന്ന തോതിൽ ഹെപ്പറ്റൈറ്റിസ് ബാധയുള്ള നൈജീരിയയിൽ പ്രതിവർഷം ശതകോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുമായി ഹെപ്പറ്റൈറ്റിസ് ചികിത്സയും പ്രതിരോധവും സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് നൈജീരിയ ഇപ്പോൾ.

