അറസ്റ്റിലാവുകയോ തടവിലാവുകയോ വധിക്കപ്പെടുകയോ വന്നേക്കാമെന്ന് അറിയാമെങ്കിലും, ഈ വർഷം ഡിസംബറോടെ തന്റെ രാജ്യത്തേക്ക് തിരികെ പോകാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിലാണ് 78 കാരിയായ ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.
ജീവന് ഭീഷണിയുണ്ടെന്ന് പൂർണ്ണമായി അറിയാമെങ്കിലും, സ്വന്തം ജനങ്ങൾ തന്നെ വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പറഞ്ഞു. “എന്നെ കൊല്ലുകയോ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്തേക്കാം, എന്റെ വിധിയെക്കുറിച്ച് എനിക്ക് ബോധമുണ്ട്,” അവർ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ധാക്ക കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഈ വിധി രാഷ്ട്രീയ പകപോക്കലാണെന്ന് അവർ തള്ളിക്കളഞ്ഞു. ഇന്ത്യയുമായി ഔദ്യോഗികമായി കൈമാറുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് മടങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന, ഹെലികോപ്റ്ററിലാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. തുടർന്ന് അവർ ഇന്ത്യയിൽ രഹസ്യ കേന്ദ്രത്തിൽ താമസിച്ചുവരികയാണ്.

