Thursday, July 30, 2026

ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച പതിനാറുകാരി സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചു

ടെഹ്‌റാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ മാസ്ക് ധരിച്ച സുരക്ഷാ സേനയുടെ വെടിയേറ്റു പതിനാറുകാരിയായ യൽദ മൊഹമ്മദ്ഖാനി കൊല്ലപ്പെട്ടു. രാജ്യത്ത് നിലനിൽക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പെൺകുട്ടിയുടെ ദാരുണ അന്ത്യം വലിയ ചർച്ചയായിരിക്കുകയാണ്.

ജനുവരി ഒമ്പതിന് ടെഹ്‌റാനിൽ മാതാപിതാക്കൾക്കും ഇളയ സഹോദരിയ്ക്കുമൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് യൽദയ്ക്ക് വെടിയേറ്റത്. മോട്ടോർസൈക്ലിലെത്തിയ സുരക്ഷാ സേന ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ പുറകിലൂടെ എട്ട് ബുള്ളറ്റുകൾ ഏറ്റ് യൽദ തൽക്ഷണം മരിച്ചു.

പ്രതിഷേധത്തിൻ്റെ മുൻനിരയിൽ നിന്നിരുന്ന യൽദ, കണ്ണീർവാതക ഷെല്ലുകൾ കാലുകൊണ്ട് തട്ടിമാറ്റുകയും ഭയപ്പെടേണ്ടതില്ലെന്ന് സഹപ്രവർത്തകരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. “സ്വാതന്ത്ര്യത്തിനും മെച്ചപ്പെട്ട ഭാവിക്കുമായി ഞാൻ തെരുവിൽ പോരാടുകയാണ്” എന്ന് അവർ മാതാപിതാക്കളോട് വ്യക്തമാക്കിയിരുന്നു.

2022-ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 16 കാരിയായ നീക ശകാരാമിയുടെ (Nika Shakarami) ഫോട്ടോ തന്റെ ഫോൺ കേസിനുള്ളിൽ യൽദ സൂക്ഷിച്ചിരുന്നു. മുന്നിലുള്ള അപകടങ്ങളെ കുറിച്ച് മാതാപിതാക്കൾ ആശങ്കപ്പെട്ടപ്പോൾ നീകയുടെ മാതാപിതാക്കളെപ്പോലെ പ്രവർത്തിക്കാൻ അവൾ ആവശ്യപ്പെടുകയായിരുന്നു.

യൽദയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയെങ്കിലും അനുസ്മരണ ചടങ്ങുകൾ നടത്തുന്നതിൽ നിന്നും സുരക്ഷാ സേന കുടുംബത്തിന് വിലക്കേർപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരല്ല, മറിച്ച് പ്രതിഷേധക്കാരാണ് കൊലപാതകം നടത്തിയത് എന്ന് പറയാൻ കുടുംബത്തിന് മേൽ സമ്മർദ്ദമുണ്ടായെങ്കിലും അവർ അത് ശക്തമായി എതിർത്തു. ഇറാനിൽ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തുന്ന നിരന്തരമായ പ്രക്ഷോഭങ്ങളുടെയും അതിനെ നേരിടാൻ സർക്കാരുണ്ടാക്കുന്ന അടിച്ചമർത്തലുകളുടെയും ഒടുവിലത്തെ ഉദാഹരണമാണ് യൽദയുടെ വിയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News