ലോകത്തെ പ്രമുഖ ഏഴ് രാജ്യങ്ങളിലെ ജൂത സമൂഹങ്ങളിൽ 2025-ൽ ഏകദേശം 23,000 ജൂത വിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പുതിയ പഠന റിപ്പോർട്ട്. കണക്കുകളിൽ നേരിയ കുറവുണ്ടായെങ്കിലും, കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടത് 30 വർഷത്തിനിടയിലെ ഏറ്റവും വലിയ അതിക്രമ വർഷമാക്കി മാറ്റിയെന്ന് ‘ജെ7 ടാസ്ക് ഫോഴ്സ്’ (J7 Task Force) മുന്നറിയിപ്പ് നൽകുന്നു.
അർജന്റീന, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, യുകെ, യുഎസ് എന്നീ ഏഴ് രാജ്യങ്ങളിലാണ് ലോകത്തെ ജൂത ജനസംഖ്യയുടെ 90 ശതമാനത്തിലധികം ഉള്ളത്. ഈ രാജ്യങ്ങളിലെ ജൂത വിരുദ്ധ സംഭവങ്ങൾ ഒക്ടോബർ 7-ന് മുമ്പുള്ള കാലത്തേക്കാൾ 136 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുഖാ ആഘോഷത്തിനിടയിലും, മാഞ്ചസ്റ്ററിലെ പള്ളിയിലും, വാഷിംഗ്ടൺ ഡി.സിയിലും ഉണ്ടായ ആക്രമണങ്ങളിലായി ആകെ 20 ജൂതരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 2025-ൽ ജർമ്മനിയിൽ 8,725 സംഭവങ്ങളും, യു.എസിൽ 6,274 സംഭവങ്ങളും, യുകെയിൽ 3,700 സംഭവങ്ങളും, ഓസ്ട്രേലിയയിൽ 1,654 സംഭവങ്ങളും രേഖപ്പെടുത്തി. കണക്ക് പ്രകാരം ജർമ്മനിയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത്. സർക്കാരുകൾ യഹൂദ ജനവിഭാഗങ്ങൾക്ക് കൂടുതൽ സുരക്ഷ ഫണ്ടും ശക്തമായ നിയമങ്ങളും ഏർപ്പെടുത്തണമെന്നും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രചാരണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ജെ7 ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു.

