വാഷിംഗ്ടൺ സന്ദർശന വേളയിൽ അമേരിക്കൻ ഇവാഞ്ചലിക്കൽ ക്രൈസ്തവ സമൂഹത്തിന്റെ നേതാക്കളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. ഇറാൻ യുദ്ധവും ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ജൂത വിരുദ്ധതയും ചർച്ചാവിഷയമായി.
ഇറാനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തിന് ഇവാഞ്ചലിക്കൽ നേതാക്കൾ പിന്തുണ അറിയിക്കുകയും, ഒപ്പം ഇസ്രായേൽ പ്രധാനമന്ത്രിയെ യു.എസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ജൂതരും ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളും വിശുദ്ധ ഭൂമിയിലെ ആദ്യകാല ഹെബ്രായരുടെ പിൻഗാമികളാണെന്നും, ലോകത്തിന് സ്വാതന്ത്ര്യവും വിശ്വാസവും നൽകിയ ജൂഡിയോ-ക്രൈസ്തവ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇരുവരും എന്ന് നെതന്യാഹു വ്യക്തമാക്കി.
ജൂത-ക്രിസ്ത്യൻ വിഭാഗങ്ങൾ ഒരു സംയുക്ത ആഗോള ആക്രമണത്തെയാണ് നേരിടുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാക്കളോട് പറഞ്ഞു. ഭയന്നൊളിക്കുന്നതിന് പകരം, ധീരമായി എഴുന്നേറ്റ് നിന്ന് ശക്തമായി തിരിച്ചടിക്കണമെന്ന് അദ്ദേഹം ആ നേതാക്കളോട് ആഹ്വാനം ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഐക്യവും സൗഹൃദവും എക്കാലത്തും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

