
പ്രകൃതി ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. നൂറ്റാണ്ടുകളായി കാണാതായെന്ന് കരുതിയിരുന്ന ഒരു അപൂർവ ഹിമാലയൻ പുഷ്പം വീണ്ടും കണ്ടതോടെ പ്രകൃതിയുടെ അത്ഭുതം വീണ്ടും ദൃശ്യമാവുകയാണ്. 158 വർഷങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ ചുനാ താഴ്വരയിൽ ആണ് ഈ അത്ഭുതം വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
സയാനാന്തസ് ഹൂക്കറി (Cyananthus hookeri) എന്ന ഈ അപൂർവ ആൽപൈൻ പുഷ്പം ഇന്ത്യയിൽ അവസാനമായി രേഖപ്പെടുത്തിയത് 1867-ലാണ്. അതിനുശേഷം ഇത് രാജ്യത്ത് എവിടെയും കണ്ടെത്തിയിരുന്നില്ല. ഇപ്പോൾ ഏകദേശം 3,600 മീറ്റർ ഉയരത്തിലുള്ള ഹിമാലയൻ പുൽമേടുകളിൽ വീണ്ടും വിരിഞ്ഞത് പ്രകൃതി ഇപ്പോഴും അനേകം രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്.
ഇത് ഒരു പുഷ്പത്തിന്റെ തിരിച്ചുവരവ് മാത്രമല്ല. നമ്മുടെ ജൈവവൈവിധ്യത്തിന്റെ മഹത്വവും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും നമ്മെ വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരു സന്ദേശം കൂടിയാണ്. പ്രകൃതിക്ക് സമയം കൊടുത്താൽ, അത് നമ്മെ അത്ഭുതങ്ങൾ കാണിച്ചുതരും. അതുകൊണ്ട് തന്നെ നമ്മുടെ വനങ്ങളും മലനിരകളും ആവാസവ്യവസ്ഥകളും സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനാൽ പ്രകൃതിയെ ഇനിയും സംരക്ഷിക്കാം അതിലൂടെ ഇനിയും അത്ഭുതങ്ങൾ വിരിയട്ടെ.
അഗസ്റ്റിൻ പുൽപ്പള്ളി

