Friday, April 4, 2025

യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥനയുമായി യൂറോപ്പിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹം

യുദ്ധത്തില്‍ തകര്‍ന്ന കീവില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് അഭയാര്‍ത്ഥിയായി ജര്‍മ്മനിയില്‍ എത്തിയതാണ് അലോന ഫര്‍തുഖോവ എന്ന ഇരുപതുകാരി. യുക്രൈനിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു ഫര്‍തുഖോവ. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോഴാണ് ബര്‍ലിനിലേയ്ക്ക് പോന്നത്. അവിടെ ഒരു ഹോട്ടലിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അവള്‍ ഇപ്പോള്‍ എല്ലാ ദിവസവും ബെര്‍ലിനിലെ ഉക്രേനിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ എത്തി, ലോക സമാധാനത്തിനായുള്ള ദൈനംദിന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും നാട്ടിലേക്ക് അയയ്ക്കാനുള്ള സംഭാവനകള്‍ സംഘടിപ്പിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്തുവരുന്നു.

ഈ ഞായറാഴ്ചയും, ജര്‍മ്മന്‍ തലസ്ഥാനത്ത്, ചുവന്ന ഇഷ്ടിക കല്ലുകൊണ്ട് നിര്‍മ്മിച്ച പള്ളിയില്‍ മറ്റ് നിരവധി യുക്രേനിയന്‍ വിശ്വാസികള്‍ക്കൊപ്പം ഫാര്‍തുഖോവയും ആരാധനകളില്‍ പങ്കുചേര്‍ന്നു. അവര്‍ ഒരുമിച്ച് പാടുകയും മെഴുകുതിരികള്‍ കത്തിക്കുകയും കമ്മ്യൂണിറ്റി തലവനായ ഫാ. ഒലെഹ് പോളിയാങ്കോയില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുകയും ചെയ്തു.

പിന്നീട്, യുക്രൈനിലേയ്ക്ക് അയയ്ക്കാനായി പള്ളിക്കകത്ത് ശേഖരിച്ച് കൂട്ടിയിട്ടിരുന്ന മെഡിക്കല്‍ ക്രച്ചസ്, സ്ലീപ്പിംഗ് ബാഗുകള്‍, ഡയപ്പറുകള്‍, അച്ചാറുകളുടെ എണ്ണമറ്റ ജാറുകള്‍ തുടങ്ങിയവ വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ അടുക്കി വയ്ക്കുന്ന ജോലികളിലേയ്ക്ക് അവര്‍ പ്രവേശിച്ചു. ‘ധാരാളം ആളുകള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്. അത് വലിയ കാര്യമാണ്. ജനങ്ങളുടെ കരുണയില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവുമുണ്ട്. അവശ്യ സാധനങ്ങള്‍ ഇത്തരത്തില്‍ യുക്രൈനില്‍ എത്തിക്കുന്നത് സൈന്യം ഉള്‍പ്പെടെ രാജ്യത്ത് തുടരുന്ന അനേകര്‍ക്ക് സഹായവും ആശ്വാസവുമാകും’. ഫര്‍തുഖോവ പറഞ്ഞു.

യൂറോപ്പിലുടനീളം അഭ്യാര്‍ത്ഥികളായി എത്തിയ യുക്രേനിയക്കാര്‍ യുദ്ധത്തില്‍ തകര്‍ന്ന തങ്ങളുടെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ദിവസേന ഒത്തുചേരുകയാണ്. ദീര്‍ഘനാളുകളായി പ്രവാസികളായിട്ടുള്ള യുക്രേനിയക്കാരും പുതുതായി അഭയം തേടിയെത്തിയവരോടൊപ്പം ചേര്‍ന്ന് തങ്ങളുടെ സ്വന്തം രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

റഷ്യ യുക്രെയ്നെ ആക്രമിച്ചതിനുശേഷം, 3.38 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം രാജ്യം വിട്ട് പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സി പറയുന്നത്. മിക്കവരും അയല്‍രാജ്യങ്ങളായ പോളണ്ടിലേക്കോ റൊമാനിയയിലേക്കോ മോള്‍ഡോവയിലേക്കോ ആണ് രക്ഷപ്പെട്ടത്. എന്നാല്‍ യുദ്ധം തുടരുന്നതിനാല്‍ ഇപ്പോള്‍ പലരും ജര്‍മ്മനി പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലേയ്ക്കും നീങ്ങുകയാണ്.

ജര്‍മ്മനി 2,00,000-ത്തിലധികം ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ ഇതിനോടകം ഔദ്യോഗികമായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യുക്രേനിയക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ വിസ ആവശ്യമില്ലാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പോളണ്ടില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കാറില്‍ വരുന്ന യുക്രേനിയക്കാര്‍ സാധാരണയായി രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാറില്ല.

ഏകദേശം 3,00,000 ആളുകളുള്ള ജര്‍മ്മനിയിലെ യുക്രേനിയന്‍ കുടിയേറ്റ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പണം സ്വരൂപിക്കുകയും സംഭാവനകള്‍ ശേഖരിക്കുകയും അതിര്‍ത്തിയിലേക്കും അതിനപ്പുറത്തേക്കും സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും മടക്കയാത്രയില്‍ അഭയാര്‍ത്ഥികളെ കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ജര്‍മ്മനിയിലെ പ്രവാസികളായ യുേ്രകനിയന്‍ കുടുംബങ്ങള്‍ പുതിയ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ നിരവധി ത്യാഗങ്ങള്‍ ചെയ്യുന്നുണ്ട്. പുതുതായി വരുന്നവര്‍ക്ക് ജോലി കണ്ടെത്താനും അവരുടെ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാനും വരെ അവര്‍ സഹായങ്ങള്‍ നല്‍കുന്നു.

ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക, ജൂത കമ്മ്യൂണിറ്റികള്‍ ഉള്‍പ്പെടെയുള്ള മതസമൂഹങ്ങളും അഭയാര്‍ത്ഥി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും യുദ്ധത്തില്‍ തങ്ങളുടെ കുടുംബത്തെക്കുറിച്ച് ആകുലപ്പെടുന്നവര്‍ക്ക് ആശ്വാസമായി മാറുകയും ചെയ്യുന്നു. ബെര്‍ലിനിലെ 500 അംഗങ്ങളുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ തലവനായ പോളിയാങ്കോ, ദുരിതമനുഭവിക്കുന്ന യുക്രേനിയക്കാര്‍ക്കൊപ്പം ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. കൂടാതെ യുക്രെയ്‌നില്‍ പോരാടുന്ന സൈനികര്‍ക്കും ധീരമരണം വരിച്ചവരുടെ ആത്മാക്കള്‍ക്കും വേണ്ടി അദ്ദേഹം പ്രത്യേകം ശുശ്രൂഷകളും നടത്തി.

യൂറോപ്പിലെ മറ്റു ചിലയിടങ്ങളില്‍, യുക്രേനിയക്കാരെ സ്വാഗതം ചെയ്യുന്നതിനായി പ്രദേശവാസികള്‍ അവരുടെ ദേവാലയങ്ങള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. അതുപോലെ തന്നെ യൂറോപ്പില്‍ പലയിടത്തും ദേവാലയങ്ങളില്‍ ആളുകള്‍ ഒത്തുചേര്‍ന്ന് സമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും സംഭാവനകള്‍ ശേഖരിച്ച് അയയ്ക്കാന്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്. ‘ ഈ അവസ്ഥയില്‍ യുക്രൈനിലെ കുട്ടികള്‍ക്കായാണ് ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നത്. കാരണം അവര്‍ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടവരല്ല. യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. എല്ലാവരും സന്തോഷിക്കുന്ന നാളുകള്‍ക്കായി’. ബര്‍ലിനിലെ ഒരു ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ സ്ത്രീ പറയുന്നു.

 

Latest News