Sunday, July 5, 2026

ഒരു ഗ്രാമത്തിന്റെ ജീവനായി മാറുന്ന അഫ്ഗാൻ വനിതാ കർഷകർ

താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് മിക്ക തൊഴിൽ മേഖലകളിലും കടുത്ത വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു ഉൾനാടൻ ഗ്രാമത്തെ പട്ടിണിയിലാഴ്ത്താതെ കാത്തുസൂക്ഷിക്കുന്നത് അവിടുത്തെ ധീരരായ വനിതാ കർഷകരാണ്. മഞ്ഞുമൂടിയ മലനിരകൾക്കിടയിലുള്ള നൂറിസ്താൻ (Nuristan) പ്രവിശ്യയിലെ എസ്തിവി (Eshtiwi) എന്ന ഗ്രാമത്തിലെ സ്ത്രീകളാണ് തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഇന്ന് മാതൃകയാകുന്നത്.

കടുത്ത ശൈത്യകാലത്ത് ആറ് മാസത്തോളം മഞ്ഞുവീഴ്ച കാരണം ബാഹ്യലോകവുമായി പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന പ്രദേശമാണിത്. ഈ സമയത്ത് ഗ്രാമത്തിൽ പട്ടിണിയുണ്ടാകാതെ നോക്കുന്നത് സ്ത്രീകൾ വിളയിച്ചെടുക്കുന്ന പച്ചക്കറികളും ധാന്യങ്ങളുമാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ്, വിദേശ മാധ്യമങ്ങൾ ഈ ഉൾനാടൻ ഗ്രാമത്തിലെത്തി അഫ്ഗാൻ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ ലോകത്തിന് മുന്നിലെത്തിച്ചത്.

തലമുറകളായുള്ള തൊഴിൽ വിഭജനം

ഈ ഗ്രാമത്തിൽ തലമുറകളായി പുരുഷന്മാരും പ്രകൃതിയോട് ഇണങ്ങിനിന്ന് ജോലി കൃത്യമായി വിഭജിച്ചിട്ടുണ്ട്. സ്ത്രീകൾ കൃഷിയിറക്കൽ, നനയ്ക്കൽ, കള പറിക്കൽ, വീട്ടുജോലികൾ എന്നിവ ചെയ്യുമ്പോൾ, പുരുഷന്മാർ കന്നുകാലികളെ നോക്കാനും ശൈത്യകാലത്തേക്ക് ആവശ്യമുള്ള വിറക് ശേഖരിക്കാനും നിലം ഉഴുതുമറിക്കാനും സഹായിക്കുന്നു. എട്ടാം വയസ്സ് മുതൽ അമ്മയോടൊപ്പം പാടത്തിറങ്ങിയ 46-കാരിയായ ഹബീബ പറയുന്നു: “ശരത്കാലത്ത് ഗോതമ്പ്, ബീൻസ്, ഉരുളക്കിഴങ്ങ്, ചോളം എന്നിവ വിളവെടുത്ത് വീട്ടിലെത്തിക്കുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമാണ്.” ഈ സ്ത്രീകളുടെ അധ്വാനം ഇല്ലായിരുന്നെങ്കിൽ കടുത്ത ശൈത്യകാലത്ത് ഗ്രാമത്തിൽ ആഹാരമുണ്ടാകില്ലായിരുന്നു എന്ന് കൃഷി ബിരുദധാരിയായ മുഹമ്മദ് യഹിയ ഫൈസി എന്ന യുവാവും സമ്മതിക്കുന്നു.

വിലക്കപ്പെടുന്ന പെൺവിദ്യാഭ്യാസവും കരിനിഴലും

കർഷകയായ ഹബീബയുടെ 11 വയസ്സുകാരിയായ മകൾ നാഹിദ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് 12 വയസ്സിന് ശേഷം വിദ്യാഭ്യാസം നൽകുന്നത് താലിബാൻ നിരോധിച്ചതിനാൽ നാഹിദയുടെ പഠനം ഉടൻ തന്നെ അവസാനിക്കും. അമ്മമാർക്ക് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന അവരുടെ ആഗ്രഹങ്ങൾക്ക് മേലാണ് ഭരണകൂടത്തിന്റെ വിലക്കുകൾ വീഴുന്നത്.

‘അംഗീകരിക്കപ്പെടാത്ത’ അധ്വാനവും കമ്പോള പ്രതിസന്ധിയും

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ മൂന്നിലൊന്നും കടുത്ത ഭക്ഷ്യക്ഷാമം നേരിടുമ്പോഴാണ് ഈ സ്ത്രീകൾ കാർഷികരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നത്. എന്നാൽ ഇവരുടെ അധ്വാനം പലപ്പോഴും വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല. ആധുനിക കൃഷി ഉപകരണങ്ങളുടെ കുറവാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രാമത്തിൽ ആകെ ഒരു ട്രാക്ടർ മാത്രമാണുള്ളത്, അതിന്റെ വാടക താങ്ങാൻ പലർക്കും കഴിയില്ല. 70 വയസ്സുള്ള ബിബി ജാൻ എന്ന കർഷക പറയുന്നത്, കഠിനമായ ജോലി കാരണം കൈകൾ തൊലിപ്പുറം അടർന്നുപോകുമെങ്കിലും മക്കളെ ഊട്ടാൻ തങ്ങൾ അധ്വാനിച്ചേ മതിയാകൂ എന്നാണ്.

മറ്റൊരു വലിയ പ്രതിസന്ധി ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയുടെ അഭാവമാണ്. പാക്കിസ്ഥാനിൽ നിന്ന് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയ നജിയ (28) എന്ന കർഷക തന്റെ അനുഭവം പങ്കുവെക്കുന്നു: “കൃഷി എന്നത് പുരുഷന്മാർക്ക് മാത്രം ചെയ്യാനുള്ളതല്ല. ഞങ്ങളുടെ പക്കൽ ആവശ്യത്തിലധികം വിളവുണ്ടാകാറുണ്ട്, പക്ഷേ അത് വിൽക്കാൻ കൃത്യമായൊരു മാർക്കറ്റില്ല. ഇടനിലക്കാർ വന്ന് വളരെ കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങൾ വാങ്ങുന്നത്.”

എല്ലാ പ്രതിസന്ധികൾക്കിടയിലും ഒത്തൊരുമയോടെ പാടത്ത് ജോലി ചെയ്യുന്നത് തങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണെന്ന് പാടത്ത് പണിചെയ്യുന്ന ഓരോ സ്ത്രീകളും പറയുന്നു. സ്വന്തം കൈകൾ കൊണ്ട് വിഷമില്ലാത്ത, ആരോഗ്യപ്രദമായ ഭക്ഷണം വിളയിച്ചെടുത്ത് തങ്ങളുടെ ഗ്രാമത്തെ ജീവനോടെ നിലനിർത്തുന്നതിൽ ഈ അഫ്ഗാൻ സ്ത്രീകൾക്ക് വലിയ അഭിമാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News