നമ്മളിൽ പലരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഏകാന്തത അനുഭവിച്ചിട്ടുണ്ട്. ചുറ്റും ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ഉള്ളിൽ ഒരു ശൂന്യത തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതിനെ നേരിടാനും മനസ്സിനെ കൂടുതൽ സന്തോഷമുള്ളതാക്കാനും ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഏകാന്തതയെ ലഘൂകരിക്കാനുള്ള ചില വഴികൾ ഇതാ.
1. സ്വന്തം മനസ്സിനോടുള്ള ബന്ധം ആസ്വദിക്കാൻ പഠിക്കുക
ഏകാന്തത എന്നത് മറ്റുള്ളവർ കൂടെയില്ല എന്നതുകൊണ്ടല്ല, മറിച്ച് സ്വന്തം മനസ്സിനോടുള്ള ബന്ധം കുറയുന്നത് കൊണ്ടും ആകാം. അതിനാൽ, സ്വന്തമായി സമയം ചെലവഴിക്കാൻ ശീലിക്കുക. അതിനായി
ഇഷ്ടപ്പെട്ട പാട്ടുകളോ പോഡ്കാസ്റ്റുകളോ കേൾക്കുക. ഏകാന്തത തോന്നുമ്പോൾ വീടിനുള്ളിൽ ചെറിയ ശബ്ദങ്ങൾ (റേഡിയോ, ടിവി) വെക്കുന്നത് ആശ്വാസം നൽകും. പുതിയ കാര്യങ്ങൾ പഠിക്കുകയോ വായന, പാചകം, പെയിന്റിംഗ് തുടങ്ങിയ ഹോബികളിൽ ഏർപ്പെടുകയോ ചെയ്യുക.
2. വിശ്വസിക്കുന്നവരോട് മനസ്സ് തുറക്കുക
ചിലപ്പോൾ നമ്മുടെ ഉള്ളിലെ ഭാരങ്ങൾ മറ്റൊരാളോട് പങ്കുവെക്കുന്നത് മാത്രം മതിയാകും മനസ്സ് ഒന്ന് ശാന്തമാകാൻ. വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കുക. നേരിട്ട് സംസാരിക്കാൻ മടിയാണെങ്കിൽ ഒരു മെസ്സേജ് അയച്ചാലും മതിയാകും. പലപ്പോഴും മറ്റുള്ളവരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും. ഇത് നിങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകും.
3. പതിയെ തുടങ്ങാം
ഏകാന്തതയിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അത് സമ്മർദമുണ്ടാക്കിയേക്കാം. അതിനാൽ ചെറിയ മാറ്റങ്ങളിൽ നിന്ന് തുടങ്ങുക. ദിവസവും കാണുന്ന വ്യക്തികളോടോ അയൽക്കാരോടോ ഒന്ന് ചിരിക്കുകയോ ‘ഹലോ’ പറയുകയോ ചെയ്യുക. ആളുകൾ ഒത്തുചേരുന്ന ലൈബ്രറികളിലോ കോഫി ഷോപ്പുകളിലോ വെറുതെ കുറച്ചുസമയം ഇരിക്കുക. ആളുകളുടെ സാന്നിധ്യം മാത്രം മതി ചിലപ്പോൾ ആശ്വാസം നൽകാൻ. ഓൺലൈൻ ഗ്രൂപ്പുകളിൽ (ഉദാഹരണത്തിന് വായനാ ക്ലബ്ബുകൾ) ചേരുന്നത് പുതിയ സൗഹൃദങ്ങൾക്ക് വഴിതുറക്കും.
4. സ്വയം ശ്രദ്ധിക്കുക
സ്വന്തം ആരോഗ്യവും മാനസികാവസ്ഥയും ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ചെറിയ വ്യായാമങ്ങൾ ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
5. സഹായം തേടാൻ മടിക്കരുത്
ഏകാന്തത ഒരു വലിയ ഭാരമായി തോന്നുകയും അത് നിങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം (Counseling/Therapy) തേടുന്നത് നല്ലതാണ്. ഒരു കൗൺസിലറുമായി സംസാരിക്കുന്നത് നിങ്ങളുടെ ചിന്തകളെ വ്യക്തമായി കാണാനും അവയെ നേരിടാനും സഹായിക്കും.
ഏകാന്തത എന്നത് സ്ഥിരമായ ഒരവസ്ഥയല്ല. എന്നാൽ മാറാൻ സമയമെടുക്കും. ഓരോരുത്തരും വ്യത്യസ്തരാണ്, അതിനാൽ നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങൾ മാത്രം പരീക്ഷിക്കുക. എല്ലാം ഒരേസമയം ചെയ്യാൻ നിർബന്ധം പിടിക്കരുത്. ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങി പതിയെ മുന്നോട്ട് പോകുക. നിങ്ങളെ സ്നേഹിക്കാനും ശ്രദ്ധിക്കാനും നിങ്ങൾക്ക് സാധിക്കുമെന്ന കാര്യത്തിൽ ഉറച്ചു വിശ്വസിക്കുക.

