Thursday, July 9, 2026

ഹെയ്തിയിൽ സായുധ ആക്രമണത്തിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 1,600 പേർ

ഹെയ്തിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 1,600-ലധികം ആളുകൾ കൊല്ലപ്പെട്ടതായി യു.എൻ. പ്രതിനിധി കാർലോസ് റൂയിസ് മാസിവ് വ്യക്തമാക്കി. ആഭ്യന്തര അക്രമങ്ങൾ ഭയന്ന് 15 ലക്ഷത്തോളം ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇവിടത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് അന്താരാഷ്ട്ര സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്. സായുധസംഘങ്ങളുടെ അക്രമം മൂലം ഹെയ്തിയിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള സുരക്ഷാ-മാനവിക പ്രതിസന്ധി തുടരുന്നതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.

2021 ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മോയിസ് വധിക്കപ്പെട്ടതിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. അതിനു ശേഷം, സായുധസംഘങ്ങൾ രാജ്യത്തിന്റെ നിയന്ത്രണം ഘട്ടംഘട്ടമായി കൈക്കലാക്കുകയും സർക്കാർ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, അവശ്യസേവനങ്ങൾ എന്നിവ പൂർണ്ണമായും സ്തംഭിപ്പിക്കുകയും ചെയ്തു.

ഹെയ്തിയിലെ സായുധ ക്രിമിനൽ സംഘങ്ങളിൽ ഏകദേശം 10,000 മുതൽ 15,000 വരെ അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവർ രാജ്യത്തിന്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ 70 മുതൽ 75 ശതമാനത്തോളം ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്ന് ‘ഇൻഫോബേ’ക്ക് (Infobae) നൽകിയ അഭിമുഖത്തിൽ യുഎൻ പ്രതിനിധി പറഞ്ഞു. രാജ്യാന്തര സുരക്ഷാദൗത്യത്തിന് യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണയുണ്ടെങ്കിലും, രാജ്യത്ത് സ്ഥിരത വീണ്ടെടുക്കാൻ സുരക്ഷ, നീതിന്യായം, വികസനം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഏകോപിതനീക്കം ആവശ്യമാണെന്ന് റൂയിസ് മാസിവ് ആവർത്തിച്ചു.

ലോകശ്രദ്ധയിൽപെടാതെ പോകുന്ന വലിയൊരു ദുരന്തഭൂമിയായി ഹെയ്തി മാറിക്കൊണ്ടിരിക്കുകയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഹെയ്തിയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ ഏഴാം വർഷവും (2025-ൽ) വൻ തകർച്ച നേരിട്ടു. യഥാർഥ ജിഡിപി (GDP) 2.7% ഇടിയുകയും പണപ്പെരുപ്പം 28.3 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്തെ പകുതിയോളം ജനങ്ങളും അതിദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഒരു ദിവസം മൂന്ന് യൂറോയിൽ (ഏകദേശം 280 രൂപ) താഴെ വരുമാനം കൊണ്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.

2026 ലും രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. സമ്പദ്‌വ്യവസ്ഥയിൽ 1.7 ശതമാനത്തിന്റെ ഇടിവ് കൂടി ഉണ്ടാകുമെന്നും പണപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞാലും 23.5 ശതമാനത്തിനടുത്ത് തുടരുമെന്നും അന്താരാഷ്ട്ര നാണയനിധി (IMF) പ്രവചിക്കുന്നു.

ഭീതിജനകമായ സുരക്ഷാസാഹചര്യം

അതേസമയം, ഹെയ്തിയിലെ സുരക്ഷാസാഹചര്യം ദിവസം ചെല്ലുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025 ൽ മാത്രം ഗാങ് അക്രമങ്ങളിൽ 5,500 ലധികം ആളുകൾ കൊല്ലപ്പെടുകയും 2,600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎൻ ഇന്റഗ്രേറ്റഡ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2026 ൽ ഇതുവരെ അക്രമങ്ങൾ മൂലം 1,642 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 745 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രമസമാധാനം വീണ്ടെടുക്കാൻ അധികാരികൾ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ തന്ത്രപ്രധാനമായ ചില അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ 2024 ൽ വിന്യസിച്ച കെനിയയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സുരക്ഷാസഹായ ദൗത്യത്തിന് സാധിച്ചിട്ടുണ്ടെങ്കിലും, തലസ്ഥാനത്തിന്റെ ഭൂരിഭാഗവും കൈയടക്കിവച്ചിരിക്കുന്ന ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്താനോ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അവർ സ്വാധീനം വ്യാപിപ്പിക്കുന്നത് തടയാനോ ഈ ദൗത്യത്തിന് ഇതുവരെ പൂർണ്ണമായി കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News