എഐയുടെ (AI) ദുരുപയോഗം തടയാനും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ഐക്യരാഷ്ട്രസഭയോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ‘എഐ ഫോർ ദ കോമൺ ഗുഡ്’ എന്ന ആഗോള ഉച്ചകോടിയിലെ പ്രതിനിധികൾക്കായി ജൂലൈ എട്ടിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വഴിയാണ് ഈ സന്ദേശം കൈമാറിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ (UN) പ്രധാന വാർഷിക സമ്മേളനമാണിത്. ജൂലൈ ഏഴ് മുതൽ 10 വരെയാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ ഇത്തരം മതേതര സംഘടനകളുമായി ചർച്ചകൾ നടത്താൻ വത്തിക്കാൻ എപ്പോഴും സന്നദ്ധമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് മാർപ്പാപ്പ ഉറപ്പുനൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള (AI) ആശങ്കകൾ നിലനിൽക്കുമ്പോഴും ഈ വിഷയത്തിൽ ചർച്ചകൾ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ വീണ്ടും ആഹ്വാനം ചെയ്തു.
ശാസ്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ, മാതാപിതാക്കൾ എന്നിവരുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നടത്തിയ ചർച്ചകളുടെ വെളിച്ചത്തിലാണ് താൻ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന രേഖ തയ്യാറാക്കിയതെന്ന് കത്തിൽ മാർപ്പാപ്പ വിശദീകരിക്കുന്നു. നിർമ്മിതബുദ്ധിയുടെ (AI) ദുരുപയോഗത്തെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകളിൽ നിന്നാണ് ഈ വിജ്ഞാപനം ജനിച്ചതെന്നും കത്തിൽ പറയുന്നുണ്ട്.
മാനവരാശിക്ക് എഐ സിസ്റ്റങ്ങളുടെ നല്ല വശങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം തന്നെ അവയെ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ചർച്ച ചെയ്യാനായി ഐക്യരാഷ്ട്രസഭ നടത്തുന്ന വാർഷിക സമ്മേളനമാണിത്. ഇതിൽ പ്രമുഖ ശാസ്ത്രജ്ഞർ, സാമൂഹിക-വ്യവസായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ജനീവയിലെ യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകസംഘവും ഈ ഉച്ചകോടിയിൽ പങ്കെടുത്തു.

