Thursday, July 23, 2026

ഇംഗ്ലണ്ടിൽ എബോള ആശങ്ക; ആരോഗ്യ പ്രവർത്തകൻ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗികളെ ചികിത്സിച്ചിരുന്ന യുകെ സ്വദേശിയായ ആരോഗ്യ പ്രവർത്തകനെ ലണ്ടനിലെ പ്രത്യേക ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഇയാളെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചത്. രോഗലക്ഷണങ്ങളൊന്നും നിലവിൽ പ്രകടിപ്പിക്കുന്നില്ലെങ്കിലും പ്രത്യേക മുറിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ഇയാളെ നിരീക്ഷിച്ചു വരികയാണ്.

രോഗബാധ സ്ഥിരീകരിക്കാൻ രണ്ട് മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നതിനാൽ ഈ കാലയളവ് മുഴുവൻ ഇയാൾ നിരീക്ഷണത്തിൽ തുടരും. പൊതുജനങ്ങൾക്ക് യാതൊരുവിധ ആരോഗ്യ ഭീഷണിയുമില്ലെന്ന് യുകെ ആരോഗ്യ സംരക്ഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ എബോള കേസ് സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

രോഗബാധിതരുടെ രക്തം, മറ്റ് ശാരീരിക ദ്രവങ്ങൾ എന്നിവയിലൂടെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. പനി, തലവേദന, ഛർദ്ദി, വയറുവേദന എന്നിവയാണ് എബോളയുടെ പ്രധാന ലക്ഷണങ്ങളെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കോംഗോയിലും ഉഗാണ്ടയിലും എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News