സ്കൂളിൽ നിന്ന് ഡാവെൻസ്കി എന്ന കുട്ടിയെ ഒരു സായുധ സംഘം തട്ടിക്കൊണ്ടുപോകുന്നത് എട്ടുവയസ്സുള്ളപ്പോഴാണ്. കറുത്ത തുണികൊണ്ട് തല മൂടിക്കെട്ടി, ഒരു ശീതീകരിച്ച മുറിയിൽ പൂട്ടിയിട്ട ശേഷം അവന്റെ കൈകളിൽ അവർ ഒരു തോക്ക് വച്ചു കൊടുത്തു. “അവർ മറ്റൊരു കുട്ടിയുടെ നേരെ ചൂണ്ടി എന്നോട് അവനെ കൊല്ലാൻ പറഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. ട്രിഗർ അമർത്തിയില്ലെങ്കിൽ എന്റെ വിരലുകൾ വെട്ടിമാറ്റുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഞാൻ അത് ചെയ്തു,” ഇന്ന് 14 വയസ്സുള്ള ഡാവെൻസ്കി ആ നടുക്കുന്ന ഓർമ്മ പങ്കുവെച്ചു. തുടർന്നുള്ള വർഷങ്ങളിൽ കൊള്ളയടിക്കാനും, ആളുകളെ തട്ടിക്കൊണ്ടുപോകാനും ആ സംഘം അവനെ ഉപയോഗിച്ചു. ഒരു കുഞ്ഞിനെപ്പോലും കൊല്ലാൻ അവൻ നിർബന്ധിതനായി.
ഹെയ്തിയിൽ സായുധ ഗുണ്ടാസംഘങ്ങൾ കുട്ടികളെ ക്രൂരമായ അക്രമങ്ങളിലേക്ക് നിർബന്ധിതമായി തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യപ്പെടുത്തലാണ് ഇത്. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ പ്രകാരം, ഹെയ്തിയിലെ ഇത്തരം ക്രിമിനൽ സംഘങ്ങളിലെ പകുതിയോളം അംഗങ്ങളും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം.
എന്തുകൊണ്ട് കുട്ടികൾ?
2021-ൽ പ്രസിഡന്റ് ജോവനൽ മോയിസിന്റെ കൊലപാതകത്തിന് ശേഷം ഹെയ്തിയിലെ ക്രമസമാധാനം പൂർണ്ണമായി തകർന്നു. രാജ്യത്തിന്റെ വലിയൊരു പങ്ക് സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലായി. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് മുതിർന്ന ഗുണ്ടകൾ കൊല്ലപ്പെട്ടതോടെയാണ്, ആ കുറവ് നികത്താൻ ആണ് അവർ കുട്ടികളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. പട്ടിണിയും ദാരിദ്ര്യവും മുതലെടുത്താണ് പലപ്പോഴും ഈ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത്. കൂടുതലും ഇവർ ലക്ഷ്യമിടുന്നത് കൂട്ടക്കൊലകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെയാണ്. സർക്കാർ സംവിധാനങ്ങൾ ഇല്ലാതായതോടെ, തെരുവ് കുട്ടികൾക്ക് ഭക്ഷണവും താമസവും നൽകി ഗുണ്ടാസംഘങ്ങൾ തങ്ങളുടെ വലയിലാക്കുന്നത് പതിവാണ്. മാത്രമല്ല കാവൽ നിൽക്കുന്നതിനും വിവരങ്ങൾ ചോർത്തുന്നതിനും ആഴ്ചതോറുമുള്ള ചെറിയ തുകകൾ മുതൽ, തട്ടിക്കൊണ്ടുപോകലുകളിൽ പങ്കാളികളാകുന്നതിന് വലിയ തുകകൾ കുട്ടികൾക്ക് നൽകുന്നു.
പെൺകുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണം
12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികൾ പോലും കടുത്ത ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. ‘തി മെനാജ്’ (കുട്ടി കാമുകിമാർ) എന്ന പേരിൽ പെൺകുട്ടികളെ ഗുണ്ടാസംഘങ്ങളിലെ വ്യക്തികൾക്ക് നിർബന്ധിതമായി പങ്കുവെച്ചു നൽകുന്ന ക്രൂരമായ ആചാരവും ഇവിടെ നിലനിൽക്കുന്നു. ഉത്തരവുകൾ അനുസരിക്കാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ തീ കൊളുത്തുകയും ചെയ്യുന്നു.
അന്താരാഷ്ട്ര ദൗത്യവും പ്രതിസന്ധികളും
ഹെയ്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ പിന്തുണയോടെയുള്ള ‘ഗാങ് സപ്രഷൻ ഫോഴ്സ്’ (GSF) രംഗത്തിറങ്ങാനിരിക്കുകയാണ്. എന്നാൽ, സുരക്ഷാ സേനയ്ക്ക് നേരെ കുട്ടികളെ പരിചയായി ഉപയോഗിക്കാൻ ഗുണ്ടാസംഘങ്ങൾ മടിക്കില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈനിക നടപടികൾക്കപ്പുറം, ഈ കുട്ടികളുടെ മാനസികവും സാമൂഹികവുമായ പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ ഹെയ്തി സർക്കാരും യുണിസെഫും ചേർന്ന് ‘പ്രെജ്യൂൺസ്’ എന്ന പുനരധിവാസ പദ്ധതിയിലൂടെ ഡാവെൻസ്കിയെയും സാറയെയും പോലുള്ള ചില കുട്ടികളെ രക്ഷപെടുത്തി സംരക്ഷിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ തകർന്ന ഭാവിയെ ഓർത്ത് ഈ കുട്ടികൾ ഇപ്പോഴും ഭയപ്പാടിലാണ്. “ഞാൻ നരകത്തിലൂടെയാണ് കടന്നുപോയത്. ഒരു ദിവസം ആരെങ്കിലും വന്ന് എന്നെ രക്ഷിക്കുമെന്ന് ഞാൻ സ്വപ്നം കാണുന്നു. പക്ഷേ ഇപ്പോൾ ഞാൻ പൂർണ്ണമായും തളർന്നിരിക്കുന്നു,” സാറ എന്ന പെൺകുട്ടി കണ്ണീരോടെ പറയുന്നു.

