Thursday, July 23, 2026

ഭീതിയുടെ നിഴലിൽ പ്രതീക്ഷയുടെ പുതിയ പുലരി തേടി ഒരു ഇസ്രായേലി ഗ്രാമം

അതിർത്തിയിലെ കോൺക്രീറ്റ് മതിലുകൾക്കപ്പുറത്ത് നിന്ന് ഇപ്പോഴും യുദ്ധത്തിന്റെ കറുത്ത നിഴലുകൾ മാഞ്ഞിട്ടില്ല. എങ്കിലും ലെബനൻ അതിർത്തിയോട് ചേർന്നുനിൽക്കുന്ന ‘ഓൺ ദി ബോർഡർ’ കഫേയിൽ തനിക്കായി എത്തിയ ഉപഭോക്താക്കൾക്ക് കടുപ്പത്തിലൊരു എസ്പ്രെസോ കോഫി പകർന്നുനൽകുമ്പോൾ ഒറി എലിയാഹു എന്ന ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഭയത്തേക്കാളേറെ പ്രതീക്ഷ തിളങ്ങുന്നുണ്ടായിരുന്നു. വടക്കൻ ഇസ്രായേലിലെ കാർഷികഗ്രാമമായ ‘ഷ്ടൂള’ (Shtula) ഇന്ന് ശാന്തമാണെന്ന് തോന്നാമെങ്കിലും, അതൊരു താൽക്കാലിക വെടിനിർത്തലിന്റെ ആശ്വാസം മാത്രമാണെന്ന് ഇവിടത്തെ നിവാസികൾക്കറിയാം.

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആളുകൾ ഇങ്ങോട്ടേക്ക് മടങ്ങിവരാൻ ഇപ്പോഴും മടിക്കുകയാണെന്ന് മുപ്പതുകാരനായ എലിയാഹു പറയുന്നു. എന്നാൽ, ഹിസ്ബുള്ളയുടെ ഭീഷണികൾക്ക് മുന്നിൽ പതറാതെ തങ്ങളുടെ മണ്ണ് വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് ഇവിടത്തെ ഭരണകൂടവും ജനങ്ങളും.

ഇന്നലെകളിലെ കറുത്ത ഓർമ്മകൾ

2023 ഒക്ടോബർ ഏഴിലെ ഗാസ ആക്രമണത്തിന് പിറ്റേന്ന് മുതൽ ലെബനനിലെ ഹിസ്ബുള്ള ഭീകരർ തൊടുത്ത റോക്കറ്റുകളും ഡ്രോണുകളും വടക്കൻ ഇസ്രായേലിൽ നാശം വിതച്ചു. ഷ്ടൂള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഇസ്രായേൽ സർക്കാർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. രണ്ടര വർഷത്തോളം നീണ്ട ബോംബാക്രമണങ്ങളിൽ ഷ്ടൂളയിലെ 64% കെട്ടിടങ്ങളും പൂർണ്ണമായോ, ഭാഗികമായോ തകർന്നു. മുൻപ് മുന്നൂറോളം ആളുകൾ വസിച്ചിരുന്ന ഈ കൊച്ചുഗ്രാമത്തിൽ നിലവിൽ 197 പേർ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തകർന്ന കെട്ടിടങ്ങളിൽ 80 ശതമാനത്തോളം പുനരുദ്ധരിച്ചെങ്കിലും, ജനങ്ങൾ പൂർണ്ണമായും മടങ്ങിയെത്താൻ ഇനിയും സമയമെടുക്കും.

ഭീകരതയ്ക്കുള്ള മറുപടി

റോക്കറ്റ് ആക്രമണങ്ങളുടെ ഭീഷണി നിലനിൽക്കുമ്പോഴും, അതിർത്തി ഗ്രാമങ്ങളിലേക്ക് ആളുകളെ തിരികെയെത്തിക്കാൻ വലിയ പദ്ധതികളാണ് ഇസ്രായേൽ ഭരണകൂടം നടപ്പിലാക്കുന്നത്. വടക്കൻ അതിർത്തി പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി 18 ബില്യൺ ഷെക്കൽ (ഏകദേശം ആറ് ബില്യൺ ഡോളർ) വകയിരുത്തി. ഷെല്ലാക്രമണങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക ‘സേഫ് റൂമുകൾ’ ഉള്ള 15 പ്രീ-ഫാബ്രിക്കേറ്റഡ് വീടുകൾ ഷ്ടൂളയിൽ ഒരുങ്ങുന്നു. കുടുംബങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാടകയ്ക്ക് താമസിക്കാൻ ഇവ നൽകും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഷ്ടൂളയിലെ ജനസംഖ്യ രണ്ടിരട്ടിയോ, മൂന്നിരട്ടിയോ ആക്കുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. ഭീകരതയ്ക്കുള്ള ഏറ്റവും ശക്തമായ മറുപടി ഇവിടത്തെ ജനവാസം വർധിപ്പിക്കുക എന്നതാണെന്ന് അധികൃതർ വിശ്വസിക്കുന്നു.

അതിജീവനമാണ് ഞങ്ങളുടെ വിജയം

ഗ്രാമത്തിലെ കമ്മ്യൂണിറ്റി മാനേജരായ ഷാരോൺ ഹെൻ തങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. റോക്കറ്റ് ആക്രമണത്തിൽ തകർന്ന തന്റെ ഓഫീസ് മുറി അടുത്തിടെയാണ് ഇവർ പുനരുദ്ധരിച്ചത്. “ഞങ്ങളുടെ വീടുകൾക്ക് തൊട്ടടുത്ത് ഇപ്പോഴും ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. സുരക്ഷാസാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എങ്കിലും ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും. അല്ലാതെ ഞങ്ങൾ വേറെ എവിടെ പോകാനാണ്?” – ഷാരോൺ ഹെൻ ചോദിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും ഇവിടെ വലിയ വെല്ലുവിളിയാണ്. ഏറ്റവും അടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് പോകണമെങ്കിൽ പോലും 24 കിലോമീറ്റർ സഞ്ചരിക്കണം. എന്നിരുന്നാലും, അടുത്തിടെ 12 പുതിയ കുടുംബങ്ങൾ ഇവിടെ താമസിക്കാൻ എത്തിയിട്ടുണ്ട്.

ആക്രമണത്തിൽ തകർന്ന കുട്ടികളുടെ കളിസ്ഥലങ്ങളും ബാസ്കറ്റ്ബോൾ കോർട്ടുകളും ഗ്രാമവാസികൾ ചേർന്ന് പുനർനിർമ്മിക്കുകയാണ്. അടുത്ത സെപ്റ്റംബറോടെ എട്ട് കുട്ടികളുമായി ഇവിടെ പുതിയ കിന്റർഗാർട്ടൻ പ്രവർത്തനം ആരംഭിക്കും.

അതിർത്തിയിലെ പുതിയ അതിജീവനം

ഇറാഖിൽ നിന്നും കുർദിസ്ഥാനിൽ നിന്നും എത്തിയ കർഷകർ പടുത്തുയർത്തിയ ചരിത്രമുള്ള ഈ ഗ്രാമം, ആപ്പിൾ തോട്ടങ്ങൾക്കും ആട് വളർത്തൽ കേന്ദ്രങ്ങൾക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതായിരുന്നു. മുൻകാലങ്ങളിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തിയിരുന്ന ‘ഓൺ ദി ബോർഡർ’ കഫേ വീണ്ടും തുറന്നെങ്കിലും ആളുകളുടെ വരവ് കുറവാണ്. എന്നിരുന്നാലും തങ്ങളുടെ ഗ്രാമത്തെ പഴയതിനേക്കാൾ ശക്തമായി പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഓരോ ഗ്രാമവാസിയും. ആക്രമണങ്ങൾക്കു മുന്നിൽ ഓടിയൊളിക്കാതെ, തങ്ങളുടെ മണ്ണിൽ ഉറച്ചുനിന്ന് പോരാടുന്ന ഈ അതിർത്തി ഗ്രാമത്തിന്റെ അതിജീവനം തന്നെയാണ് ഭീകരതയ്ക്കെതിരെയുള്ള അവരുടെ ഏറ്റവും വലിയ വിജയം!

LEAVE A REPLY

Please enter your comment!
Please enter your name here

Latest News