കുട്ടിക്കാലത്ത് വീട്ടുമറ്റത്തെ മാമ്പഴം പറിച്ചുതിന്ന ഓണം-വേനലവധിക്കാലങ്ങൾ ആർക്കാണ് ഓർമ്മയില്ലാത്തത്? അത്തരത്തിലൊരു ബാല്യകാല ഓർമ്മയും മാമ്പഴത്തോടുള്ള അടങ്ങാത്ത പ്രണയവുമാണ് ഉത്തർപ്രദേശ് സ്വദേശിയായ അനൂപ് കുമാർ ബാജ്‌പയിയെ (60) വേറിട്ടൊരു കൃഷി പരീക്ഷണത്തിലേക്ക് നയിച്ചത്. ലഖ്‌നൗവിലെ ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിൽക്കുന്ന ഒരൊറ്റ മാവ് ഇന്ന് നാട്ടുകാർക്കും മാമ്പഴ പ്രേമികൾക്കും അത്ഭുതക്കാഴ്ചയാണ്.ഈ ഒറ്റ മാവിന്റെ ഓരോ ശാഖകളിലും കളിവിളയുന്നത് കേസർ, മല്ലിക, ദസേരി, നീലം, അമ്രപാലി തുടങ്ങി 11 വെവ്വേറെ ഇനം മാമ്പഴങ്ങളാണ്! ഓരോ സീസണിലും വ്യത്യസ്ത രുചിയിലും നിറത്തിലും മണത്തിലുമുള്ള മാമ്പഴങ്ങൾ ഈ ഒറ്റ മരം സമ്മാനിക്കുന്നു.
മരങ്ങളിലേക്ക് തിരിച്ചെത്തിയ വിരമിക്കൽ കാലം
ഉത്തർപ്രദേശ് മുൻസിപ്പൽ അഡ്മിനിസ്ട്രേഷനിൽ അഡീഷണൽ മുൻസിപ്പൽ കമ്മീഷണറായി 2026 മാർച്ച് 31-നാണ് അനൂപ് കുമാർ വിരമിച്ചത്. 32 വർഷത്തെ നീണ്ട സർക്കാർ സേവനത്തിന് ശേഷം ബാക്കിവന്ന ഒഴിവുസമയമത്രയും തന്റെ കുട്ടിക്കാലത്തെ മോഹമായ മാവ് കൃഷിക്കായി മാറ്റിവെക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ഗ്രാമമായ ടികാരിയയിൽ ചെലവഴിച്ച വേനലവധിക്കാലവും, മാമ്പഴ പ്രേമിയായ അച്ഛൻ കൊണ്ടുവന്നു തന്നിരുന്ന വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ രുചിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. ലഖ്‌നൗവിൽ വീട് വെച്ചപ്പോൾ 2010-ലാണ് അദ്ദേഹം രണ്ട് ദസേരി (Dussehri) മാവിൻ തൈകൾ നടുന്നത്.
അച്ഛന് നൽകിയ വാക്ക്
ഏതാനും വർഷങ്ങൾക്ക് മുൻപ് അനൂപിന്റെ വയസ്സായ അച്ഛന് വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ഡോക്ടർമാർ മാമ്പഴം കഴിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ദിവസം ഒരു മാമ്പഴം മാത്രമേ കഴിക്കാവൂ എന്ന അവസ്ഥ വന്നു. “മാമ്പഴങ്ങളെ ജീവനതുല്യം സ്നേഹിച്ചിരുന്ന അച്ഛന് ദിവസം ഒരു മാമ്പഴം മാത്രം കഴിക്കേണ്ടി വന്നപ്പോൾ അത് ഏറ്റവും മികച്ചതായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു,” അനൂപ് ഓർക്കുന്നു.
ഇതോടെയാണ് ഒരൊറ്റ മരത്തിൽ പലതരം മാമ്പഴങ്ങൾ വിളയിച്ചെടുക്കുന്ന ‘ഗ്രാഫ്റ്റിങ്’ വിദ്യയെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്. യൂട്യൂബിലൂടെ ആശയം പഠിച്ചെടുത്തെങ്കിലും, മാലീഹാബാദിൽ നിന്നുള്ള വിദഗ്ധരായ കർഷകരുടെ സഹായത്തോടെയാണ് അദ്ദേഹം ദസേരി മാവിൽ മറ്റ് ഇനങ്ങൾ ഒട്ടിച്ചു ചേർത്തത്. തുടക്കത്തിൽ പല ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കൃത്യമായ ശ്രദ്ധയോടെ ചെയ്ത ഗ്രാഫ്റ്റിങ് വിജയം കണ്ടു.
ഒരൊറ്റ മരം; 11 രുചികൾ!
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ മാവ് വളർന്നു. ഇന്ന് അതിൽ അംബിക, സെൻസേഷൻ, ദസേരി, രാംകേല, മല്ലിക, ഖാസ്-ഉൽ-ഖാസ്, സുർഖ വർമ്മ, ഹുസ്നാര, അമ്രപാലി, നീലം, കേസർ എന്നിങ്ങനെ 11 ഇനങ്ങൾ കായ്ക്കുന്നു. ഒരു സീസണിൽ 800 കിലോഗ്രാം മുതൽ ഒരു ടൺ വരെ മാമ്പഴം ഈ ഒറ്റ മരത്തിൽ നിന്ന് ലഭിക്കാറുണ്ട്.
30 മുതൽ 40 വരെ കുടുംബങ്ങൾക്ക് നൽകാനുള്ള മാമ്പഴം ഈ മരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മല്ലിക ഇനത്തോടാണ് അനൂപിന് പ്രിയം കൂടുതൽ. മധുരവും നേരിയ പുളിയും കലർന്ന ഇതിന്റെ രുചി പ്രത്യേകതയുള്ളതാണ്.
പരാജയത്തിൽ തളരാത്ത മനസ്സ്
ഇതിന് മുൻപ് 46 ഇനങ്ങൾ ഉള്ള മറ്റൊരു മാവും അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഫംഗസ് ബാധയെ തുടർന്ന് ആ മരം ഉണങ്ങിപ്പോയി. ഏറെ വിഷമം തോന്നിയെങ്കിലും അദ്ദേഹം പിന്മാറിയില്ല. ആ സ്ഥാനത്ത് ജപ്പാനിലെ പ്രശസ്തമായ ‘മിയാസാക്കി’ (Miyazaki) മാവിൻ തൈ നട്ട് അദ്ദേഹം വീണ്ടും തോട്ടത്തെ സമൃദ്ധമാക്കി. സ്വന്തം വീട്ടിലെ വിജയത്തിന് ശേഷം ഗ്രാമത്തിലെ തരിശുകിടന്ന തറവാട്ടുപറമ്പിൽ 450-ഓളം മാവുകൾ നട്ടുപിടിപ്പിച്ച് ഒരു വലിയ മാവിൻതോട്ടം തന്നെ അദ്ദേഹം നിർമ്മിച്ചെടുത്തു. രാസവളങ്ങൾക്ക് പകരം ചാണകപ്പൊടിയും ഫംഗസ് ബാധയ്ക്ക് വേപ്പെണ്ണയും മാത്രമാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്.
“ഒരു വലിയ തോട്ടം ഉണ്ടെങ്കിലേ മാവ് വളർത്താനാകൂ എന്ന് കരുതരുത്. അംബിക, അമ്രപാലി തുടങ്ങിയ ചെറിയ ഇനങ്ങൾ വലിയ ചട്ടികളിലും വെച്ചുപിടിപ്പിക്കാം,” അനൂപ് പറയുന്നു. അനൂപിന്റെ 92-കാരനായ അച്ഛനും അയൽക്കാരും ബന്ധുക്കളുമെല്ലാം ഇന്ന് വേനൽക്കാലത്ത് ഈ മാവിൻചുവട്ടിൽ ഒത്തുചേരുന്നു. കുട്ടിക്കാലത്ത് മാമ്പഴം തിന്നാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ കൊച്ചുകുട്ടി, ഇന്ന് തന്റെ സന്തോഷം ഒരു നാടിന് മുഴുവൻ മാമ്പഴ മധുരമായി പങ്കുവെക്കുകയാണ്.

