Wednesday, July 29, 2026

ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

ഇസ്രായേലിൽ അടുത്തതായി അധികാരത്തിൽ വരുന്ന സർക്കാർ ഖത്തറിനെ “ശത്രുരാഷ്ട്രമായി” പ്രഖ്യാപിക്കുമെന്ന് മുൻ പ്രധാനമന്ത്രിയും ‘ടുഗെതർ’ പാർട്ടി നേതാവുമായ നഫ്താലി ബെന്നറ്റ്. ദേശീയ സുരക്ഷാ സമ്മേളനത്തിൽ (INSS) സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തർ ഇസ്ലാമിക ഭീകരവാദത്തെ, പ്രത്യേകിച്ച് ഹമാസിനെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാന രാജ്യമാണെന്നും ഒക്ടോബർ 7-ലെ ആക്രമണത്തിന് പിന്നിൽ ഖത്തറിന്റെ പങ്കുണ്ടെന്നും ബെന്നറ്റ് ആരോപിച്ചു. താൻ വീണ്ടും അധികാരത്തിൽ വന്നാൽ ഖത്തറിനെ ഔദ്യോഗികമായി ശത്രുരാഷ്ട്രങ്ങളുടെ പട്ടിയിൽ ഉൾപ്പെടുത്തുമെന്ന് ബെന്നറ്റ് പ്രഖ്യാപിച്ചു.

ഖത്തറിനെ “പശ്ചിമേഷ്യയിലേക്കും ഇസ്രായേൽ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്കും വരെ പടരുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും കാൻസർ” എന്നാണ് ബെന്നറ്റ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെ ഇല്ലായ്മ ചെയ്യാനായി ഖത്തർ ആഗോളതലത്തിൽ വലിയ സ്വാധീനശക്തി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ ഇസ്രായേൽ ജനതയുടെ രക്തം പുരണ്ട ഹമാസിന് പണം നൽകുന്നത് ഖത്തറാണെന്നും അദ്ദേഹം ആവർത്തിച്ചു.

എന്നാൽ തങ്ങൾക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങൾ തള്ളി ഖത്തർ രംഗത്തെത്തി. രാഷ്ട്രീയ ലാഭത്തിനായി ബെന്നറ്റ് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് വാഷിംഗ്ടണിലെ ഖത്തർ എംബസി മീഡിയ അറ്റാഷെ അലി അൽ-അൻസാരി വ്യക്തമാക്കി. ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും സ്വന്തം രാഷ്ട്രീയ അഭിലാഷങ്ങൾ മുൻനിർത്തി ബെന്നറ്റ് വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അലി അൽ-അൻസാരി പ്രതികരിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളിലും ബന്ദികളുടെ മോചനത്തിലും ഇസ്രായേൽ അധികാരികളുടെ പൂർണ്ണ ഏകോപനത്തോടെയാണ് ഖത്തർ പ്രവർത്തിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News