Wednesday, May 13, 2026

മലപ്പുറം മങ്കടയിൽ മിന്നലേറ്റു നാല് വിദ്യാർത്ഥികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ മങ്കടയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മങ്കട പന്തല്ലൂർ കുന്നിലെ കുരങ്ങൻചോല വ്യൂ പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.

റഹീസ് (20), ബഹാസ് (18), സിയാദ് (16), ഫഹദ് (22) എന്നിവരാണ് മരിച്ചത്. ഫഹദിന്റെ സഹോദരൻ റോഷൻ (20), റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ് (21), ഇഷാത് (16) എന്നിവർ പൊള്ളലേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിലയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള കുരങ്ങൻചോല വ്യൂ പോയിന്റിൽ വൈകുന്നേരം ചെലവഴിക്കാനാണ് ഏഴംഗ സംഘം എത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ആകാശം പെട്ടെന്ന് ഇരുണ്ടുകൂടുകയും കനത്ത മഴയ്‌ക്കൊപ്പം അതിശക്തമായ ഇടിമിന്നൽ ഉണ്ടാവുകയും ചെയ്തു. കുന്നിൻ മുകളിലെ ഒരു വലിയ പാറപ്പുറത്ത് ഇരിക്കുമ്പോഴാണ് സംഘത്തിന് നേരെ മിന്നൽ പതിച്ചത്. വലിയ പ്രകമ്പനത്തോടെയുള്ള മിന്നലേറ്റ ഉടൻ തന്നെ എല്ലാവരും ബോധരഹിതരായി വീണു.

അപകടസ്ഥലത്തിന് താഴെ റോഡിലൂടെ പോയിരുന്നവരാണ് പാറപ്പുറത്ത് ബോധരഹിതരായി കിടക്കുന്ന കുട്ടികളെ കണ്ടത്. ഇതിൽ ഒരാൾക്ക് ബോധം തിരികെ വന്നപ്പോഴാണ് മിന്നലേറ്റ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സ്വകാര്യ വാഹനങ്ങളിലും ആംബുലൻസുകളിലുമായി ഇവരെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരിക്കേറ്റവർ പങ്കുവെക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ, മിന്നലിന്റെ ആഘാതത്തിൽ തെറിച്ച് പാറക്കെട്ടിനിടയിലെ കുഴിയിൽ വീണ നിലയിൽ സൽമാനുൽ ഫാരിസിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News