ആഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകളിൽ യാതൊരു വസ്തുതയുമില്ലെന്ന് കേന്ദ്ര ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ ജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും ഇത്തരം വാർത്തകൾ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റാഗ്രാം നിരോധിക്കാൻ കേന്ദ്ര ഐടി മന്ത്രാലയമോ മറ്റ് ഔദ്യോഗിക ഏജൻസികളോ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ല. പ്രചരിക്കുന്ന തെറ്റായ വാർത്തകൾ കാരണം ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി തന്നെ സത്യവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയത്.
ഔദ്യോഗികമായി വരുന്ന കേന്ദ്ര സർക്കാർ വാർത്തകൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ സാധാരണ പോലെ തന്നെ തുടർന്നും പ്രവർത്തിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് കേന്ദ്ര ഇൻഫർമേഷൻ ബ്യൂറോയെ അറിയിക്കാവുന്നതാണ്.

