വീടുകളിൽ ഒരൊറ്റ കുട്ടി മാത്രം ഉണ്ടാകുമ്പോൾ അവരെക്കുറിച്ച് നാട്ടുകാരും ബന്ധുക്കളും പല അഭിപ്രായങ്ങളും പറയാറുണ്ട്. ഒറ്റക്കുട്ടികൾ പൊതുവേ വാശിക്കാരായിരിക്കും, സ്വാർത്ഥരായിരിക്കും, മറ്റുള്ളവരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുന്നവരായിരിക്കും എന്നൊക്കെയാണ് പൊതുവേയുള്ള ധാരണ. ഇതിനെയാണ് പലരും ‘ഒറ്റക്കുട്ടി ചിന്താഗതി’ (Only-child syndrome) എന്ന് വിളിക്കുന്നത്. എന്നാൽ, ആധുനിക പഠനങ്ങൾ പറയുന്നത് ഈ ധാരണകളെല്ലാം വെറും തെറ്റായ ചിന്തകൾ മാത്രമാണെന്നാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുന്നത് അവർക്ക് സഹോദരങ്ങൾ ഉള്ളതുകൊണ്ടല്ല, മറിച്ച് അവരെ വളർത്തുന്ന രീതി കൊണ്ടാണ്. ഒറ്റക്കുട്ടിയായി വളരുന്നതിന്റെ നല്ല വശങ്ങളും അവർ നേരിടുന്ന ചില വെല്ലുവിളികളും എന്തെല്ലാമാണെന്ന് നോക്കം.
ഒറ്റക്കുട്ടിയായി വളരുന്നതിന്റെ നല്ല വശങ്ങൾ
മാതാപിതാക്കളുടെ മുഴുവൻ സ്നേഹവും ശ്രദ്ധയും ഒരാൾക്ക് മാത്രമായി ലഭിക്കുന്നത് കുട്ടികളിൽ പല നല്ല സ്വഭാവങ്ങളും വളർത്താൻ സഹായിക്കും:
സ്വയംപര്യാപ്തത: വീട്ടിൽ കൂട്ടിന് മറ്റ് കുട്ടികൾ ഇല്ലാത്തതിനാൽ ഇവർ സ്വന്തമായി കളിക്കാനും സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാനും പെട്ടെന്ന് പഠിക്കുന്നു. ഇത് ഇവരെ ചെറുപ്പത്തിൽ തന്നെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും.
കാര്യപ്രാപ്തിയും നല്ല സംസാരശേഷിയും: എപ്പോഴും മാതാപിതാക്കളോടും മറ്റ് മുതിർന്നവരോടും കൂടുതൽ ഇടപഴകാനും സംസാരിക്കാനും അവസരം ലഭിക്കുന്നതിനാൽ ഇവർ പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കാറുണ്ട്.
പഠനത്തിലും കരിയറിലും മുന്നേറാനുള്ള ആഗ്രഹം: മാതാപിതാക്കളുടെ പൂർണ്ണമായ പിന്തുണയും പ്രോത്സാഹനവും സാമ്പത്തിക ഭദ്രതയും ലഭിക്കുന്നതിനാൽ ഇവർ ലക്ഷ്യബോധമുള്ളവരും പഠനത്തിൽ മികച്ച വിജയം നേടുന്നവരും ആയിരിക്കും.
മാതാപിതാക്കളുമായി ദൃഢമായ ബന്ധം: ഇവർക്ക് മാതാപിതാക്കളോട് വളരെ ആഴത്തിലുള്ള സ്നേഹവും കൂട്ടുകെട്ടും ഉണ്ടായിരിക്കും. അത് ജീവിതകാലം മുഴുവൻ നിലനിൽക്കുകയും ചെയ്യും.
ഒറ്റക്കുട്ടികൾ നേരിടുന്ന ചില വെല്ലുവിളികൾ
സഹോദരങ്ങൾ ഇല്ലാതെ വളരുമ്പോൾ കുട്ടികൾക്ക് ജീവിതത്തിൽ ചില ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം:
പങ്കുവെക്കാനുള്ള മടി: വീട്ടിൽ കളിപ്പാട്ടങ്ങളോ ഭക്ഷണവോ മറ്റ് സാധനങ്ങളോ മറ്റൊരു കുട്ടിയുമായി പങ്കുവെക്കേണ്ട സാഹചര്യം വരാത്തതിനാൽ, തുടക്കത്തിൽ മറ്റുള്ളവർക്ക് കാര്യങ്ങൾ വിട്ടുകൊടുക്കാൻ ഇവർക്ക് അല്പം മടി തോന്നിയേക്കാം.
എല്ലാം തികയണമെന്ന വാശി: മാതാപിതാക്കളുടെ മുഴുവൻ പ്രതീക്ഷകളും തന്നിലായതിനാൽ, താൻ ചെയ്യുന്നതെല്ലാം ഏറ്റവും മികച്ചതായിരിക്കണം എന്ന അമിത സമ്മർദ്ദം ഇവർക്ക് സ്വന്തമായി തോന്നാം. ഇത് ചിലപ്പോൾ മാനസിക വിഷമത്തിന് കാരണമാകും.
പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ദിമുട്ട്: വീട്ടിൽ സഹോദരങ്ങളുമായി തല്ലുകൂടിയും പിണങ്ങിയും ഇണങ്ങിയും ശീലമില്ലാത്തതിനാൽ, പുറത്തുനിന്നും സുഹൃത്തുക്കളിൽ നിന്നോ മറ്റോ എന്തെങ്കിലും വിമർശനങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ അത് നേരിടാൻ ഇവർക്ക് പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല.
പഠനങ്ങൾ പറയുന്നത് എന്ത്?
പണ്ടുകാലത്ത് ഒറ്റക്കുട്ടികൾ ഒറ്റപ്പെടൽ അനുഭവിക്കുന്നവരും സമൂഹത്തോട് ഇടപഴകാൻ മടിക്കുന്നവരും ആണെന്ന് ചിലർ വിശ്വസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നൂറോളം വർഷമായി നടക്കുന്ന ശാസ്ത്രീയ പഠനങ്ങൾ ഈ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികൾ ചെറുപ്പം മുതലേ വിദ്യാലയങ്ങളിലും കളിക്കളങ്ങളിലും പോയി മറ്റ് കുട്ടികളുമായി നന്നായി ഇടപഴകുന്നുണ്ട്. അതിനാൽ ഇവർക്ക് സാമൂഹികമായ ഒരു പിന്നോക്കാവസ്ഥയും ഉണ്ടാകുന്നില്ല.
ഒരു കുട്ടി നല്ല സ്വഭാവമുള്ളവനായി വളരുന്നതും മോശം സ്വഭാവം കാണിക്കുന്നതും അവർക്ക് സഹോദരങ്ങൾ ഉള്ളതുകൊണ്ടോ ഇല്ലാത്തതുകൊണ്ടോ അല്ല. അത് മാതാപിതാക്കളുടെ വളർത്തൽ രീതിയെയും അവർക്ക് നൽകുന്ന സാഹചര്യങ്ങളെയും മാത്രം ആശ്രയിച്ചിരിക്കുന്നു. ഒറ്റക്കുട്ടിയാണെന്ന് കരുതി കുട്ടിയെ അമിതമായി ലാളിക്കാതിരിക്കുകയും, ചെറുപ്പം മുതലേ മറ്റ് കുട്ടികളോടൊപ്പം കളിക്കാനും കാര്യങ്ങൾ പങ്കുവെക്കാനും അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്താൽ അവർ സമൂഹത്തിന് മാതൃകയായ നല്ല വ്യക്തിത്വങ്ങളായി വളരും എന്നതിൽ യാതൊരു സംശയവുമില്ല.

