കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെന്ന് പുതിയ റിപ്പോർട്ട്. ദേശീയ കുറ്റാന്വേഷണ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 7,030 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടകയും തെലങ്കാനയുമാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
വ്യാജരേഖകൾ ചമച്ചും മറ്റൊരാളായി ചമഞ്ഞും നടത്തുന്ന തട്ടിപ്പുകളാണ് കേരളത്തിൽ കൂടുതലായും നടക്കുന്നത്. വ്യക്തിഹത്യ, സ്വകാര്യത ലംഘിക്കൽ, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള സൈബർ അതിക്രമങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ലൈംഗിക ചൂഷണം, വ്യക്തിവൈരാഗ്യം, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
2022-ൽ 773 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2023-ൽ ഇത് നാലിരട്ടിയായി വർദ്ധിച്ചിരുന്നു. എന്നാൽ കേസുകൾ തെളിയിക്കപ്പെടുന്ന കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ വഴി പണം തട്ടുന്നതും വ്യക്തിവിവരങ്ങൾ ചോർത്തുന്നതും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

