ലെയോ പതിനാലാമൻ പാപ്പ ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് 2025 മെയ് എട്ടാം തീയതിയാണ്. സമാധാനം ആശംസിച്ചുകൊണ്ടായിരുന്നു പാപ്പ ലോകത്തെ ആദ്യമായി അഭിസംബോധന ചെയ്തത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരുവർഷം പിന്നിടുമ്പോൾ സമാധാനത്തിനായി പാപ്പ അഭ്യർഥന നടത്തിയത്, അല്ലെങ്കിൽ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത് നാനൂറിലധികം തവണയാണ്. തുടർന്നു വായിക്കുക.
വത്തിക്കാനിലെ സമാധാനത്തെക്കുറിച്ചുള്ള പാപ്പയുടെ ആദ്യ പരാമർശങ്ങൾ മുതൽ ഒരുമാസം മുമ്പ് കാമറൂണിലെ ബമെൻഡയിൽ, സെന്റ് ജോസഫ്സ് കത്തീഡ്രലിൽ, പ്രാദേശിക സമൂഹവുമായുള്ള അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന ഒരു യോഗത്തിൽ പറഞ്ഞ സമാധാനത്തിനായുള്ള അഭ്യർഥനകൾ വരെ ലെയോ പാപ്പയുടെ കൂട്ടായ്മയുടെ-സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു.
സമാധാനത്തിനായി ലെയോ പാപ്പ നടത്തിയ അഭ്യർഥനകളിൽ പ്രധാനപ്പെട്ടത് വിശുദ്ധവാരത്തിൽ സമാധാനത്തിനായി നടത്തിയ ആവർത്തിച്ചുള്ള അഭ്യർഥനയാണ്. ഓശാന ഞായറാഴ്ച രാവിലെ, “ദൈവത്തിന്റെ പേരിൽ ആർക്കും യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ലെ”ന്ന് പാപ്പ പറഞ്ഞു. “യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല; അത് നിരസിക്കുന്നു. ‘നിങ്ങൾ പ്രാർത്ഥനകൾ ഉയർത്തിയാലും ഞാൻ കേൾക്കില്ല; നിങ്ങളുടെ കൈകൾ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു” – പാപ്പ പറഞ്ഞു.
സമാധാനത്തിനും ഐക്യത്തിനുമായി ലെയോ പതിനാലാമൻ പാപ്പ ലോകത്തോട് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നത് തുടരുകയാണ്. കാരണം, ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യം എന്താണെന്ന് ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയന് നന്നായി അറിയാം!

