ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ (USCIRF). ഇന്ത്യയിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ യുഎസ് ഇടപെടണമെന്ന് കാപ്പിറ്റോൾ ഹില്ലിൽ നടന്ന ഒരു ഹിയറിംഗിൽ സാക്ഷികൾ ആവശ്യപ്പെട്ടു. വാർഷിക റിപ്പോർട്ടിലാണ് കമ്മീഷൻ ഇന്ത്യയെക്കുറിച്ചുള്ള ഈ ഗൗരവകരമായ നിരീക്ഷണങ്ങൾ നടത്തിയത്.
“ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ മോശമാണ്. മതന്യൂനപക്ഷ സമൂഹങ്ങളും അവരുടെ ആരാധനാലയങ്ങളും വിവേചനപരമായ നിയമനിർമ്മാണം, നിരീക്ഷണം, പീഡനം എന്നിവയ്ക്ക് ഇരയാകുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പുരോഹിതന്മാരെ പതിവായി അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്യുന്നു.” മെയ് ഏഴിലെ ഒരു ഹിയറിംഗിനിടെ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) വൈസ് ചെയർ ആസിഫ് മഹമൂദ് പറഞ്ഞു.
വിവേചനപരമായ നിയമനിർമ്മാണം, മതനേതാക്കളെ അനിയന്ത്രിതമായി തടങ്കലിൽ വയ്ക്കൽ, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇടപെടാത്തത്, 28 സംസ്ഥാനങ്ങളിൽ 13 എണ്ണത്തിലെയും മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്രവാദ വിരുദ്ധ നിയമങ്ങൾ, പൗരത്വ നിയമങ്ങൾ എന്നിവയിലൂടെ ഇന്ത്യയിൽ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ നടക്കുന്ന പീഡനങ്ങളെ യുഎസ്‌സിഐആർഎഫ് ചെയർ വിക്കി ഹാർട്ട്‌സ്‌ലർ എടുത്തുപറഞ്ഞു. ഇന്ത്യയിലെ മതസ്വാതന്ത്ര്യം ‘താഴേക്കുള്ള പാതയിൽ’ തുടരുകയാണെന്ന് അവർ വെളിപ്പെടുത്തി.
വത്തിക്കാൻറെ കണക്കനുസരിച്ച്, ഇന്ത്യയിലെ കത്തോലിക്കാ ജനസംഖ്യ ഏകദേശം 23 ദശലക്ഷമാണ്, ഇത് രാജ്യത്തെ ജനസംഖ്യയുടെ 1.6% ആണ്. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഖിബ് നായിക്, ഇന്ത്യയെ പ്രത്യേക ആശങ്കാജനകമായ ഒരു രാജ്യമായി (സിപിസി) പ്രഖ്യാപിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.

