Sunday, July 12, 2026

സ്‌പെയിനിൽ വൻ കാട്ടുതീ; 12 മരണം, 23 പേരെ കാണാതായി

തെക്കൻ സ്‌പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽപ്പെട്ട് 12 പേർ മരിച്ചു. 23 പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ കാട്ടുതീ ദുരന്തങ്ങളിലൊന്നാണിത്. തുടക്കത്തിൽ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നെങ്കിലും, ഇത് അവഗണിച്ച് കാറുകളിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദേശികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും.

അൻഡലൂഷ്യ മേഖലയിലെ എമർജൻസി വിഭാഗം മേധാവി അന്റോണിയോ സാൻസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരിൽ ഒരാൾ മാത്രമാണ് സ്പാനിഷ് പൗരൻ.

അൽമേരിയയിലെ ലോസ് ഗല്ലാർഡോസ് (Los Gallardos) നഗരത്തിന് ചുറ്റുമുള്ള വനമേഖലയിലൂടെ അതിവേഗം പടർന്ന തീ കാറുകളെ വിഴുങ്ങുകയായിരുന്നു. വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള ഒരു കാറിൽ നിന്ന് കണ്ടെടുത്ത നാല് മൃതദേഹങ്ങൾ ബ്രിട്ടീഷ് പൗരന്മാരുടേതാണെന്ന് കരുതുന്നു. മറ്റ് എട്ട് പേർ കാറുകൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ പൂർണ്ണമായും കരിഞ്ഞുപോയതിനാൽ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഇവരെ തിരിച്ചറിയാൻ സാധിക്കൂ.

വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ കടുത്ത ഉഷ്ണതരംഗം സ്‌പെയിനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും വരൾച്ചയിലാഴ്ത്തിയിരുന്നു. ഇതാണ് ഇത്തവണ കാട്ടുതീ നേരത്തെയാകാൻ കാരണം. നിലവിൽ ഈ വർഷം മാത്രം 57,000 ഹെക്ടർ പ്രദേശം കത്തിയമർന്നിട്ടുണ്ട്. ഒരു റോഡരികിലെ ഓടയിലേക്ക് പൊട്ടിവീണ പവർ കേബിളിൽ നിന്നാണ് തീപ്പൊരി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മണിക്കൂറിനുള്ളിൽ 15 കിലോമീറ്റർ വേഗതയിലാണ് തീ പടർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News