Sunday, June 7, 2026

സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അര്‍ത്ഥമില്ല: വ്ലാഡിമിർ പുടിൻ

യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിൽ നിലവിൽ യാതൊരു അര്‍ത്ഥവുമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാൻ മുഖാമുഖം ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സെലന്‍സ്‌കി അയച്ച കത്തിന് മറുപടിയായാണ് പുടിന്റെ ഈ പ്രതികരണം. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യയുടെ വാർഷിക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022-ൽ റഷ്യൻ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം വീണ്ടും അമേരിക്കയുടെ ശ്രദ്ധാകേന്ദ്രമാകാൻ വെറുതെ കാത്തിരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം പുടിന് തുറന്ന കത്തയച്ചത്. കത്തിൽ വെടിനിർത്തലിന് ആവശ്യപ്പെട്ട സെലന്‍സ്‌കി, റഷ്യൻ നിലപാടുകളെ വെല്ലുവിളിക്കുകയും പുടിനെ പരിഹസിക്കുകയും ചെയ്യുന്ന രീതിയിലാണ് സംസാരിച്ചത്. 26 വർഷത്തെ ഭരണത്തിന് ശേഷം പുടിന് പ്രായത്തിന്റെ ആധിക്യം ബാധിച്ചു തുടങ്ങിയെന്നും കത്തിൽ കുറിച്ചിരുന്നു. കത്തിലെ പരാമർശങ്ങൾ അനാദരവ് നിറഞ്ഞതാണെന്ന് വിശേഷിപ്പിച്ച പുടിൻ, കൂടിക്കാഴ്ചയ്ക്കുള്ള സെലന്‍സ്‌കിയുടെ ആവശ്യം നിരസിച്ചു. സമാധാന ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കത്തെന്നും പുടിൻ കുറ്റപ്പെടുത്തി.

“ഈ കത്തിൽ വളരെ മോശമായ ചില പരാമർശങ്ങളുണ്ട്. ഒരു മുഖാമുഖ കൂടിക്കാഴ്ചയ്ക്കുള്ള സാഹചര്യമൊരുക്കാനാണോ, അതോ അങ്ങനെയൊരു കൂടിക്കാഴ്ച നടക്കാതിരിക്കാനാണോ ഈ കത്ത് എഴുതിയത്? രണ്ടാമത്തെ കാര്യത്തിനാണ് അവർ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.” – വ്ലാഡിമിർ പുടിൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News