സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായി തുടരുന്നു. അടുത്ത ദിവസങ്ങളിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പുകളോ അലേർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 19 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കോ ഇടിമിന്നലോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ട്. എന്നാൽ കനത്ത മഴയ്ക്കോ, ശക്തമായ കാറ്റിനോ, ഇടിമിന്നലിനോ ഉള്ള പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
അറബിക്കടലിന്റെ മധ്യ-പടിഞ്ഞാറൻ, വടക്കൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
സാധാരണ ജൂൺ 1-ന് ആരംഭിക്കേണ്ട കാലവർഷം ഈ വർഷം ജൂൺ 4-നാണ് കേരളത്തിലെത്തിയത്. സംസ്ഥാനത്തുടനീളം മഴയുടെ അളവിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയത് കൃഷി മേഖലയിലും അണക്കെട്ടുകളിലെ ജലനിരപ്പിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

